19-ാം ദിവസം (34-ൽ)
19-ാം ദിവസം – നമ്മെയും നമ്മുടെ പാപങ്ങളെയും കുറിച്ചുള്ള അറിവ്; എളിമ
ആദ്ധ്യാത്മികാഭ്യാസങ്ങൾ: പ്രാർത്ഥനകൾ, പരിശോധനകൾ, വിചിന്തനങ്ങൾ, സ്വയം പരിത്യാഗപ്രവൃത്തികൾ, പാപത്തെപ്പറ്റിയുള്ള മനസ്താപം, എന്നോടുതന്നെയുള്ള അവജ്ഞ – ഇവയെല്ലാം മറിയത്തിന്റെ പാദങ്ങളിലിരുന്നു നിർവ്വഹിക്കുക. അവളിൽനിന്നാണ് ആത്മജ്ഞാനത്തിനുള്ള പ്രകാശം നാം പ്രതീക്ഷിക്കുക. അവളുടെ സമീപത്താകുമ്പോൾ നമ്മുടെ ദുരിതാവസ്ഥയുടെ ആഴങ്ങൾ ശരിയായി തിട്ടപ്പെടുത്തുവാനും അതിൽ നിരാശപ്പെടാതിരിക്കുവാനും സാധിക്കും.
വായനകൾ
രണ്ടാം ഘട്ടം – ആത്മജ്ഞാനം (ഒന്നാമത്തെ ആഴ്ച)
“ഒന്നാമത്തെ ആഴ്ചയിലെ എല്ലാ പ്രാർത്ഥനകളും ഭക്താനുഷ്ഠാനങ്ങളും ആത്മജ്ഞാനത്തിനും, തങ്ങളുടെ പാപത്തെക്കുറിച്ചുള്ള പശ്ചാത്താപത്തിനുമായി ഉപയോഗിക്കണം.” (നമ്പർ 228 കാണുക). നമ്മുടെ അരൂപിയും യേശുവിന്റെ അരൂപിയും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി ഈ ആഴ്ചയിൽ അധികമായി പരിഗണിക്കേണ്ടതില്ല. നമ്മുടെ പാപങ്ങൾ, നമ്മെ എത്തിച്ച ദയനീയവും വിനീതവുമായ അവസ്ഥയെക്കുറിച്ചാണ് നാം ധ്യാനിക്കേണ്ടത്. ക്രിസ്തീയ പരിപൂർണ്ണത എന്നത് നമ്മുടെ കർത്താവുമായുള്ള പരിപൂർണ്ണ ഐക്യമാണല്ലോ. അതിലേക്ക് നയിക്കുന്ന എളുപ്പവും, സുനിശ്ചിതവും പരിപൂർണ്ണവുമായ മാർഗ്ഗമാണ് ഈ മരിയഭക്തി. നമ്മുടെ നിസ്സഹായതയും ദുരിതവും നന്നേ ബോദ്ധ്യപ്പെട്ടുകൊണ്ട് ഈ വഴിയിലേക്ക് ഗൗരവപൂർവ്വം പ്രവേശിക്കാം. എന്നാൽ നമ്മെപ്പറ്റി തന്നെയുള്ള അറിവില്ലാതെ ഇത് എങ്ങനെ ലഭ്യമാകും?
വിശുദ്ധ ഗ്രന്ഥംലൂക്കാ 18:15–30
ശിശുക്കളെ ആശീർവദിക്കുന്നു
15 അവൻ കൈകൾവച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ അവന്റെ അടുത്ത് അവർ കൊണ്ടുവന്നു. അവന്റെ ശിഷ്യന്മാർ ഇതു കണ്ടപ്പോൾ അവരെ ശകാരിച്ചു.
16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.
17 സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല.
ധനികനായ മനുഷ്യൻ
18 ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?
19 യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല.
20 പ്രമാണങ്ങൾ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം നൽകരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
21 അവൻ പറഞ്ഞു: ചെറുപ്പംമുതലേ ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്.
22 അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക, അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.
23 ഇതു കേട്ടപ്പോൾ അവൻ വളരെ വ്യസനിച്ചു. കാരണം, അവൻ വലിയ ധനികനായിരുന്നു.
24 യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എത്ര ദുഷ്കരം!
25 ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്.
26 ഇതുകേട്ടവർ ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപ്രാപിക്കാൻ ആർക്കു കഴിയും?
27 അവൻ പറഞ്ഞു: മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
28 പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങൾ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.
29 യേശു പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാർക്കും,
30 ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
ഈ ദിവസത്തെ പ്രാർത്ഥനകൾ
പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, ദൈവമാതാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി.
പരിശുദ്ധാത്മാവിന്റെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ,
മിശിഹായെ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ,
സർവ്വശക്തനായ പിതാവേ,
– ഞങ്ങളെ അനുഗ്രഹിക്കണമേ.
പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ,
– ഞങ്ങളെ അനുഗ്രഹിക്കണമേ.
പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ,
– ഞങ്ങളെ ശുദ്ധീകരിക്കണമേ.
പരിശുദ്ധ ത്രിത്വമേ,
– ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ,
– ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ.
പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,
– ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ.
(ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ)
പിതാവിന്റെ വാഗ്ദാനമേ,
സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ,
എല്ലാ നന്മകളുടെയും കാരണമേ,
സ്വർഗ്ഗീയ നീരുറവയേ,
ദഹിപ്പിക്കുന്ന അഗ്നിയേ,
ആർദ്രമായ സ്നേഹമേ,
ആത്മീയാഭിഷേകമേ,
സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ,
ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ,
സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ,
അറിവിന്റെയും ഭക്തിയുടെയും അരൂപിയേ,
സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ,
വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ,
ആശ്വാസദായകനായ പരിശുദ്ധാത്മാവേ,
വിശുദ്ധീകരിക്കുന്ന ആത്മാവേ,
തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ,
അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ,
പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ,
ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ,
പരിശുദ്ധാത്മാവേ, പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ,
പരിശുദ്ധാത്മാവേ, അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ,
പരിശുദ്ധാത്മാവേ, അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ,
പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ,
പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ,
പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ,
പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ,
പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ,
പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ.
പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നല്കണമേ.
പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നല്കണമേ.
പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നല്കണമേ.
പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ.
പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
അങ്ങയുടെ പരിശുദ്ധ ആത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നല്കണമേ.
ക: പരിശുദ്ധാത്മാവേ വരണമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.
സ: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ.
പ്രാർത്ഥിക്കാം
ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും, ജ്വലിപ്പിക്കുകയും, പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ. ആമ്മേൻ.
ദൈവമാതാവിന്റെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ,
കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായെ, അനുഗ്രഹിക്കണമേ,
മിശിഹായെ, അനുഗ്രഹിക്കണമേ.
കർത്താവേ, അനുഗ്രഹിക്കണേ,
കർത്താവേ, അനുഗ്രഹിക്കണമേ.
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
(ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ)
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,
(ഓരോന്നിനും: ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ)
പരിശുദ്ധ മറിയമേ,
ദൈവത്തിന്റെ പരിശുദ്ധ ജനനീ,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്റെ മാതാവേ,
ഏറ്റവും നിർമ്മലയായ മാതാവേ,
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,
അദ്ഭുതത്തിന് വിഷയമായ മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷകന്റെ മാതാവേ,
ഏറ്റവും വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമേ,
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അദ്ഭുതമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞി,
ദീർഘദർശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടെയും രാജ്ഞി,
അമലോദ്ഭവയായ രാജ്ഞി,
സ്വർഗ്ഗാരോപിതയായ രാജ്ഞി,
പരിശുദ്ധജപമാലയുടെ രാജ്ഞി,
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നു രക്ഷിച്ചുകൊള്ളേണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ, ആമ്മേൻ.
സമുദ്രതാരമേ സ്വസ്തി
പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദൈവമാതേ നീ അനുഗൃഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ
ദൈവികവചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈകദേവാ
പിതാവെ, പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ