രണ്ടാം ആഴ്ച

24-ാം ദിവസം (34-ൽ)

24-ാം ദിവസം – പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള അറിവ്

ഭക്താഭ്യാസങ്ങൾ: ഉപവി പ്രവൃത്തികൾ, അമ്മയോടുള്ള സ്നേഹപ്രകരണങ്ങൾ, അവളുടെ പുണ്യങ്ങൾ അനുകരിക്കുക, പ്രത്യേകിച്ചും അവളുടെ അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസികപ്രാർത്ഥന, എല്ലാക്കാര്യങ്ങളിലുമുള്ള സ്വയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവികപരിശുദ്ധി. വി. ലൂയിസ് ഡി മോൺഫോർട്ട് പറയുംപോലെ ഇവ പത്തുമാണ് പരിശുദ്ധ അമ്മയുടെ പ്രധാന പുണ്യങ്ങൾ. പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, പരിശുദ്ധഅമ്മയുടെ ലുത്തിനിയ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

പരിശുദ്ധകന്യകയെക്കുറിച്ചുള്ള അറിവ് (രണ്ടാമത്തെ ആഴ്ച)

“അവർ രണ്ടാമത്തെ ആഴ്ച പരിശുദ്ധകന്യകയെക്കുറിച്ചുള്ള അറിവിനായി ഉപയോഗിക്കണം” (നമ്പർ 229 കാണുക). നാം മറിയത്തിലൂടെ യേശുവിനോട് ഐക്യപ്പെടണം. ഇതാണ് ഈ ഭക്തിയുടെ സ്വഭാവം. അതുകൊണ്ട് നാം രണ്ടാമത്തെ ആഴ്ച പരിശുദ്ധകന്യകയെക്കുറിച്ചുള്ള അറിവിനായി വിനിയോഗിക്കുവാൻ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് നമ്മോട് ആവശ്യപ്പെടുന്നു. മറിയം നമ്മുടെ രാജ്ഞിയും മദ്ധ്യസ്ഥയുമാണ്; നമ്മുടെ അമ്മയും നാഥയും. അവളുടെ രാജ്ഞിത്വത്തിന്റെയും, മാദ്ധ്യസ്ഥ്യത്തിന്റെയും, മാതൃത്വത്തിന്റെയും ഫലങ്ങളെന്തെല്ലാമാണെന്നും അതോടൊപ്പം അവളുടെ ഔന്നത്യത്തിന്റെയും പ്രത്യേകാവകാശങ്ങളുടെയും സ്വഭാവമെന്തെല്ലാമെന്നും നാം അറിയണം. കാരണം ഇവയാണല്ലോ ഈ ഭക്തിക്കു അടിസ്ഥാനമായിട്ടുള്ളതും, പിന്നീടുള്ള ഫലങ്ങൾക്കു നിദാനമായിട്ടുള്ളതും. നമ്മുടെ അമ്മ ഒന്നാന്തരം ഒരു മൂശയാണ്. അവളുടെ നിയോഗങ്ങളും മാനസിക ഭാവങ്ങളും നമ്മുടേതാകേണ്ടത് ഈ മൂശയിൽ വച്ചാണ്. മറിയത്തിന്റെ ആന്തരിക ജീവിതം പഠിക്കാതെ ഇതു നമുക്കു സ്വന്തമാക്കുക അസാദ്ധ്യമത്രേ. എന്നുവച്ചാൽ അവളുടെ പുണ്യങ്ങൾ, അവളുടെ വിചാരവികാരങ്ങൾ, അവളുടെ വ്യാപാരങ്ങൾ, ക്രിസ്തുരഹസ്യത്തിലെ അവളുടെ ഭാഗഭാഗിത്വം, അവിടുത്തോടുള്ള ഐക്യം ഇവയെല്ലാം നമ്മുടെ പഠനവിഷയമാക്കണം.

യഥാർത്ഥ മരിയഭക്തിനമ്പർ 152–164

152. ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാൻ സുഗമവും ഹ്രസ്വവും ഉത്തമവും സുരക്ഷിതവുമായ ഒരു മാർഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂർണ്ണത അടങ്ങിയിരിക്കുന്നത്. 1. ഈ ഭക്തി സുഗമമായ ഒരു മാർഗ്ഗമാകുന്നു. ഇതു സുഗമമായ ഒരു മാർഗ്ഗമാണ്. നമ്മുടെ പക്കലേക്കു വരുവാൻ ഈശോമിശിഹാ നടന്നു നീങ്ങിയ പാതയാണിത്. ഇതിലൂടെ അവിടുത്തേ സമീപിക്കുവാൻ ഒരു തടസ്സവുമില്ല. വേറെ മാർഗ്ഗത്തിലൂടെയും നമുക്കു ദൈവവുമായി ഐക്യപ്പെടാം. പക്ഷേ മറ്റു വഴികൾ സ്വീകരിച്ചാൽ വളരെയധികം കുരിശുകളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും മരണാപകടങ്ങളും തരണം ചെയ്തേ മതിയാകൂ. അവയെ തരണം ചെയ്യുക വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. 155. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിനുള്ള ഹ്രസ്വമായ വഴിയാണിത്. കാരണം ഈ മാർഗ്ഗത്തിൽ പ്രവേശിച്ചാൽ നാം വഴിതെറ്റിപ്പോവുകയില്ല. കൂടാതെ, മുമ്പ് പ്രസ്താവിച്ചതുപോലെ, കൂടുതൽ സന്തോഷത്തോടെയും അനായാസേനയും, തന്മൂലം കൂടുതൽ ഉത്സാഹത്തോടുകൂടിയുമാണു നാം ഇതിലൂടെ അതിവേഗം സഞ്ചരിക്കുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചും നമ്മിൽത്തന്നെ ആശ്രയിച്ചും അനേകം വർഷംകൊണ്ട് നാം നേടുന്ന അഭിവൃദ്ധിയെക്കാൾ വളരെക്കുറച്ചു സമയംകൊണ്ട് മറിയത്തിന് വിധേയമായും അവളെ ആശ്രയിച്ചും നമുക്ക് അതു സമ്പാദിക്കാം. 157. ഈശോയോട് അടുക്കുവാനും ഒന്നിക്കുവാനും ഉത്തമമായ മാർഗ്ഗമാണ് ഈ ഭക്തി. സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണയും ഏറ്റവും വിശുദ്ധയുമായ മറിയത്തിലൂടെയാണ് ഈശോമിശിഹാ നമ്മുടെ പക്കൽ വന്നത്. ഈശോ നമ്മിലേക്കു കടന്നുവരാൻ, തന്റെ വിശിഷ്ടവും മഹത്ത്വപൂർണ്ണവുമായ യാത്രയ്ക്ക് മറ്റൊരുവഴി സ്വീകരിച്ചില്ല. അഗ്രാഹ്യനും അപ്രാപ്യനും സ്വയംഭൂവുമായ അത്യുന്നതൻ ഒന്നുമല്ലാത്ത നിസ്സാര കീടങ്ങളായ നമ്മുടെ പക്കൽ വരുവാൻ തിരുമനസ്സായി! ഇതെങ്ങനെ സംഭവിച്ചു? എളിമയുടെ മണിമകുടമായ മറിയംവഴി അത്യുന്നതൻ അതിശ്രേഷ്ഠമാംവിധം – തന്റെ ദൈവത്വത്തിനും വിശുദ്ധിക്കും യാതൊരു കോട്ടവും വരുത്താതെ – നമ്മുടെ പക്കലേക്കു വന്നു. അതുകൊണ്ട്, മറിയംവഴി തന്നെയാണ് എളിയവരായ നാമും ഉത്തമമാംവിധം, നിർഭയരായി അത്യുന്നതനെ സമീപിക്കേണ്ടതും. 159. നമുക്ക് ഈശോയെ സമീപിക്കുവാനും അവിടുത്തോടു ചേർന്നു പുണ്യപൂർണ്ണത കൈവരിക്കുവാനും ഏറ്റവും സുരക്ഷിതമായ ഒരു മാർഗ്ഗമാണ്, മറിയത്തോടുള്ള ഈ ഭക്തി. 1. ഇതു സുരക്ഷിതമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ പഠിപ്പിക്കുന്ന ഈ ഭക്തി പുതിയതല്ല, ഇതു വളരെ പുരാതനമാണ്. … ഈ ഭക്തിയെ കുറ്റപ്പെടുത്തുന്നവർ ക്രിസ്തുമതത്തിന്റെ അടിത്തറ മാന്തുകതന്നെയാണ് ചെയ്യുന്നത്. ആകയാൽ, ഈ മാർഗ്ഗം നവീനമല്ലെന്നു വ്യക്തം. എന്നാൽ, ഇത് അത്ര സർവ്വസാധാരണമല്ല; കാരണം, എല്ലാവർക്കും ആസ്വദിക്കുന്നതിനും അഭ്യസിക്കുന്നതിനും കഴിയാത്തവിധം അത്ര ഉയർന്നതരത്തിലുള്ളതാകുന്നു ഇത്. 164. 2. നമ്മെ പരമപിതാവിന്റെ പക്കലേക്കു നയിക്കുക ഈശോമിശിഹായ്ക്കു സ്വാഭാവികമായിരിക്കുന്നതുപോലെ, ഈശോയുടെ പക്കലേക്കു നയിക്കുക മാതാവിനു സ്വാഭാവികമാണ്.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, ദൈവമാതാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന, ഒരു ജപമാല.

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ, സർവ്വശക്തനായ പിതാവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ, – ഞങ്ങളെ ശുദ്ധീകരിക്കണമേ. പരിശുദ്ധ ത്രിത്വമേ, – ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. (ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ) പിതാവിന്റെ വാഗ്ദാനമേ, സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ, എല്ലാ നന്മകളുടെയും കാരണമേ, സ്വർഗ്ഗീയ നീരുറവയേ, ദഹിപ്പിക്കുന്ന അഗ്നിയേ, ആർദ്രമായ സ്നേഹമേ, ആത്മീയാഭിഷേകമേ, സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ, ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ, സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ, അറിവിന്റെയും ഭക്തിയുടെയും അരൂപിയേ, സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ, വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ, ആശ്വാസദായകനായ പരിശുദ്ധാത്മാവേ, വിശുദ്ധീകരിക്കുന്ന ആത്മാവേ, തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ, അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ, പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ, ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ, പരിശുദ്ധാത്മാവേ, പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ, പരിശുദ്ധാത്മാവേ, അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ, പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ, പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ, പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ. പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നല്കണമേ. പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ. പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, അങ്ങയുടെ പരിശുദ്ധ ആത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നല്കണമേ. ക: പരിശുദ്ധാത്മാവേ വരണമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. സ: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ. പ്രാർത്ഥിക്കാം ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും, ജ്വലിപ്പിക്കുകയും, പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ. ആമ്മേൻ.

ദൈവമാതാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായെ, അനുഗ്രഹിക്കണമേ, മിശിഹായെ, അനുഗ്രഹിക്കണമേ. കർത്താവേ, അനുഗ്രഹിക്കണേ, കർത്താവേ, അനുഗ്രഹിക്കണമേ. മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ. (ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, (ഓരോന്നിനും: ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ) പരിശുദ്ധ മറിയമേ, ദൈവത്തിന്റെ പരിശുദ്ധ ജനനീ, കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ, മിശിഹായുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, ഏറ്റവും നിർമ്മലയായ മാതാവേ, അത്യന്ത വിരക്തയായ മാതാവേ, കളങ്കമറ്റ കന്യകയായ മാതാവേ, കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ, സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ, അദ്ഭുതത്തിന് വിഷയമായ മാതാവേ, സദുപദേശത്തിന്റെ മാതാവേ, സ്രഷ്ടാവിന്റെ മാതാവേ, രക്ഷകന്റെ മാതാവേ, ഏറ്റവും വിവേകമതിയായ കന്യകേ, വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ, സ്തുതിക്കു യോഗ്യയായ കന്യകേ, മഹാവല്ലഭയായ കന്യകേ, കനിവുള്ള കന്യകേ, ഏറ്റവും വിശ്വസ്തയായ കന്യകേ, നീതിയുടെ ദർപ്പണമേ, ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, ആത്മജ്ഞാനപൂരിത പാത്രമേ, ബഹുമാനത്തിന്റെ പാത്രമേ, അദ്ഭുതമായ ഭക്തിയുടെ പാത്രമേ, ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ, ദാവീദിന്റെ കോട്ടയേ, നിർമ്മലദന്തംകൊണ്ടുള്ള കോട്ടയേ, സ്വർണ്ണാലയമേ, വാഗ്ദാനത്തിന്റെ പേടകമേ, സ്വർഗ്ഗത്തിന്റെ വാതിലേ, ഉഷഃകാല നക്ഷത്രമേ, രോഗികളുടെ ആരോഗ്യമേ, പാപികളുടെ സങ്കേതമേ, പീഡിതരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, പൂർവ്വപിതാക്കന്മാരുടെ രാജ്ഞി, ദീർഘദർശികളുടെ രാജ്ഞി, ശ്ലീഹന്മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദകന്മാരുടെ രാജ്ഞി, കന്യകകളുടെ രാജ്ഞി, സകല വിശുദ്ധരുടെയും രാജ്ഞി, അമലോദ്ഭവയായ രാജ്ഞി, സ്വർഗ്ഗാരോപിതയായ രാജ്ഞി, പരിശുദ്ധജപമാലയുടെ രാജ്ഞി, കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി, സമാധാനത്തിന്റെ രാജ്ഞി, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ, കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രാർത്ഥിക്കാം കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നു രക്ഷിച്ചുകൊള്ളേണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്കു തരണമേ, ആമ്മേൻ.

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന

മറിയമേ, നിത്യപിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയയായ അമ്മേ സ്വസ്തി! പരിശുദ്ധാത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയേ സ്വസ്തി! എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞി, എന്റെ സന്തോഷമേ, എന്റെ മഹത്ത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ അങ്ങേക്കു സ്വസ്തി! അങ്ങു മുഴുവനും എന്റേതായത് കാരുണ്യത്താലാണല്ലോ. ഞാൻ പൂർണ്ണമായും അങ്ങയുടേതായതോ നീതിമൂലമത്രേ, പക്ഷേ ഇപ്പോഴും ഞാൻ പൂർണ്ണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ എന്നെത്തന്നെ പൂർണ്ണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽനിന്ന് എടുത്തുമാറ്റണമേ. എന്റേതായ എല്ലാറ്റിന്റേയും പരമാധികാരിയായ നാഥ അങ്ങുമാത്രമാകണമേ. ദൈവത്തിന് അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞ് ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നല്കുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമേ. അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ. അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാക്കുറവുകളെയും പരിഹരിച്ച് ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ. അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേക്കു സാദ്ധ്യമെങ്കിൽ യേശുവിനെയും അവിടുത്തേ തിരുഹിതത്തെയും അറിയാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതിരിക്കട്ടെ. ദൈവത്തെ സ്തുതിക്കാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹംകൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ. ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ, ആത്മീയാനന്ദങ്ങൾപ്പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗ്ഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ. പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നുകൊണ്ട് മാലാഖമാരുടെയും മനുഷ്യരുടെയും, പിശാചിന്റെയുംമേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക, അതും അങ്ങയുടെ അവകാശമാണ്. അങ്ങയുടെ ഇഷ്ടംപോലെ ദൈവത്തിന്റെ എല്ലാ ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശംതന്നെ. ഇവയത്രേ ദൈവം അങ്ങേക്കു തന്ന “നല്ലഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽനിന്ന് ഒരിക്കലും എടുത്തുമാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദംകൊണ്ടു നിറയുന്നു. ഐഹികജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ആത്മീയസന്തോഷം കൂടാതുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവ്വം സഹനങ്ങൾ ഏറ്റെടുക്കുക, വിശ്രമമെന്യേ തന്നോടുതന്നെ മരിക്കുക, അങ്ങേക്കുവേണ്ടി മരണംവരെ ഒരു വിനീത അടിമയെപ്പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക – ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളൂ. ഒരേ ഒരു അനുഗ്രഹമേ എനിക്കു വേണ്ടൂ. അവിടുന്നു ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമ്മേൻ – അങ്ങനെതന്നെയാകട്ടെ, എന്നും, അവിടുന്ന് ഇപ്പോൾ സ്വർഗ്ഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെതന്നെയാകട്ടെ, എന്നും, അവിടുന്നു എന്റെ ആത്മാവിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെ തന്നെയാകട്ടെ, എന്നും, പറയുവാനും അങ്ങനെ, ജീവിതകാലത്തിലും, നിത്യത്വത്തിലും അങ്ങുമാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ ആമ്മേൻ.

തുടർന്ന് വിശുദ്ധ ജപമാലയുടെ 5 ദശകങ്ങൾ ചൊല്ലുക

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക