മൂന്നാം ആഴ്ച

28-ാം ദിവസം (34-ൽ)

28-ാം ദിവസം – ധ്യാനത്തിലൂടെ ഈശോമിശിഹായെക്കുറിച്ചുള്ള അറിവ്

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ദൈവസ്നേഹപ്രകരണങ്ങൾ, യേശുവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുക, മനഃസ്താപവും പ്രതിജ്ഞയും.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

യേശുക്രിസ്തുവിനെപ്പറ്റിയുള്ള അറിവ് (മൂന്നാമത്തെ ആഴ്ച)

മൂന്നാമത്തെ ആഴ്ചയിൽ അവർ യേശുവിനെപ്പറ്റി പഠിക്കാൻ അദ്ധ്വാനിക്കണം (നമ്പർ 230 കാണുക). യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തേ കൃപാവരവും മഹത്ത്വവും, പിന്നെ, നമ്മുടെ മേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തേ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു. ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്തേ ബാഹ്യപ്രവൃത്തികൾ, അവിടുത്തേ പുണ്യങ്ങൾ, അവിടുത്തേ തിരുഹൃദയത്തിന്റെ വ്യാപാരങ്ങൾ, മംഗലവാർത്ത, മനുഷ്യാവതാരം, ബാല്യകാലം, രഹസ്യജീവിതം, കാനായിലെ കല്യാണം, കാൽവരി ഈവക രഹസ്യങ്ങളിൽ അവിടുത്തേക്കു മറിയത്തോടുള്ള ബന്ധം – ഇവയെല്ലാമാണ് പഠിക്കേണ്ടത്.

വിശുദ്ധ ഗ്രന്ഥംമത്തായി 26:26–29

അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു. വാങ്ങിഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽ നിന്ന് പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. ഞാൻ നിങ്ങളോട് പറയുന്നു. എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്തു നവമായി ഇതുപാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തിൽ നിന്നു ഞാൻ വീണ്ടും കുടിക്കുകയില്ല.

വിശുദ്ധ ഗ്രന്ഥംമത്തായി 26:36–46

അനന്തരം യേശു അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യന്മാരോട് പറഞ്ഞു: ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക. അവൻ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും, അസ്വസ്ഥനാകാനും തുടങ്ങി. അവൻ അവരോട് പറഞ്ഞു: തീവ്രദുഃഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങൾ എന്നോടൊത്ത് ഉണർന്നിരിക്കുക. അവൻ അല്പദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നുവീണു പ്രാർത്ഥിച്ചു. എന്റെ പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല; അവിടുത്തെ ഹിതം പോലെയാകട്ടെ. അനന്തരം അവൻ ശിഷ്യന്മാരുടെ അടുത്തേക്കുവന്നു. അപ്പോൾ അവർ ഉറങ്ങുന്നത് കണ്ടു. അവൻ പത്രോസിനോട് ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ; ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. രണ്ടാം പ്രാവശ്യം അവൻ പോയി പ്രാർത്ഥിച്ചു. എന്റെ പിതാവേ ഞാൻ കുടിക്കാതെ ഇത് കടന്നുപോകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ! അവൻ വീണ്ടും വന്നപ്പോൾ അവർ ഉറങ്ങുന്നത് കണ്ടു. അവരുടെ കണ്ണുകൾ നിദ്രാഭാരമുള്ളവയായിരുന്നു. അവൻ അവരെ വിട്ടു മൂന്നാം പ്രാവശ്യവും പോയി, അതേ പ്രാർത്ഥന ആവർത്തിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുത്തു വന്നുപറഞ്ഞു: നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേൽക്കുവിൻ, നമുക്ക് പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോട് കൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കൽ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടം വന്നിരുന്നു. ഒറ്റുകാരൻ അവർക്ക് ഈ അടയാളം നൽകിയിരുന്നു. ഞാൻ ആരെ ചുംബിക്കുന്നുവോ അവൻ തന്നെ. അവനെ പിടിച്ചുകൊള്ളുക. അവൻ പെട്ടെന്ന് യേശുവിന്റെ അടുത്ത് ചെന്ന് ഗുരോ സ്വസ്തി, എന്ന് പറഞ്ഞ് അവനെ ചുംബിച്ചു.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ, വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന, മറിയത്തിൽ ജീവിക്കുന്ന യേശുവേ.

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ, സർവ്വശക്തനായ പിതാവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ, – ഞങ്ങളെ ശുദ്ധീകരിക്കണമേ. പരിശുദ്ധ ത്രിത്വമേ, – ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. (ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ) പിതാവിന്റെ വാഗ്ദാനമേ, സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ, എല്ലാ നന്മകളുടെയും കാരണമേ, സ്വർഗ്ഗീയ നീരുറവയേ, ദഹിപ്പിക്കുന്ന അഗ്നിയേ, ആർദ്രമായ സ്നേഹമേ, ആത്മീയാഭിഷേകമേ, സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ, ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ, സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ, അറിവിന്റെയും ഭക്തിയുടെയും അരൂപിയേ, സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ, വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ, ആശ്വാസദായകനായ പരിശുദ്ധാത്മാവേ, വിശുദ്ധീകരിക്കുന്ന ആത്മാവേ, തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ, അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ, പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ, ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ, പരിശുദ്ധാത്മാവേ, പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ, പരിശുദ്ധാത്മാവേ, അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ, പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ, പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ, പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ. പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നല്കണമേ. പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ. പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, അങ്ങയുടെ പരിശുദ്ധ ആത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നല്കണമേ. ക: പരിശുദ്ധാത്മാവേ വരണമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. സ: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ. പ്രാർത്ഥിക്കാം ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും, ജ്വലിപ്പിക്കുകയും, പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ. ആമ്മേൻ.

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായെ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ. (ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഭൂലോകരക്ഷകനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധത്രിത്വമേ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ, നിത്യപിതാവിന്റെ പ്രഭയായ ഈശോയേ, മഹത്ത്വത്തിന്റെ രാജാവായ ഈശോയേ, നീതിസൂര്യനായിരിക്കുന്ന ഈശോയേ, പരിശുദ്ധകന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയേ, സ്നേഹത്തിന് ഏറ്റവും യോഗ്യനായ ഈശോയെ, അത്ഭുതത്തിന് വിഷയമായ ഈശോയെ, സർവ്വശക്തനായ ഈശോയെ, വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയെ, ശ്രേഷ്ഠമായ ഉപദേശത്തിന്റെ ദൂതനായ ഈശോയെ, ഏറ്റവും ശക്തനായ ഈശോയെ, ഏറ്റവും ക്ഷമയുള്ളവനായ ഈശോയെ, ഏറ്റവും അനുസരണമുള്ള ഈശോയെ, ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, ബ്രഹ്മചര്യത്തെ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ സ്നേഹനിധിയായ ഈശോയെ, സമാധാനത്തിന്റെ ദൈവമായ ഈശോയെ, ആയുസ്സിന് കാരണമായ ഈശോയെ, സകല പുണ്യങ്ങൾക്കും മാതൃകയായ ഈശോയെ, ആത്മാക്കളെ അധികമായ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ സങ്കേതമായ ഈശോയെ, ദരിദ്രരുടെ പിതാവായ ഈശോയെ, വിശ്വാസികളുടെ നിക്ഷേപമായ ഈശോയെ, നല്ല ഇടയനായ ഈശോയെ, സത്യപ്രകാശമായ ഈശോയെ, നിത്യജ്ഞാനമായ ഈശോയെ, നിത്യനന്മകളുടെ നികേതനമായ ഈശോയെ, ഞങ്ങളുടെ ജീവനും വഴിയും സത്യവുമായ ഈശോയെ, മാലാഖമാരുടെ സന്തോഷമായ ഈശോയെ, പൂർവ്വപിതാക്കന്മാരുടെ രാജാവായ ഈശോയെ, ശ്ലീഹന്മാരുടെ ഗുരുവായ ഈശോയെ, സുവിശേഷകർക്ക് ആചാര്യനായ ഈശോയെ, വേദസാക്ഷികൾക്ക് ശക്തിപകർന്ന ഈശോയെ, വന്ദകന്മാരുടെ പ്രകാശമായ ഈശോയെ, ബ്രഹ്മചാരികളുടെ പരിശുദ്ധിയായ ഈശോയെ, സകല പുണ്യവാന്മാരുടെയും കിരീടമായ ഈശോയെ, ദയപരനായ കർത്താവേ! ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ. ദയപരനായ കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ. (ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ) സകലപാപങ്ങളിൽ നിന്ന്, അങ്ങേ കോപത്തിൽ നിന്ന്, പിശാചിന്റെ സകല തന്ത്രങ്ങളിൽ നിന്ന്, മോഹാഗ്നിയിൽ നിന്ന്, എന്നന്നേക്കുമുള്ള മരണത്തിൽ നിന്ന്, ഞങ്ങൾക്ക് അങ്ങുതരുന്ന നല്ല പ്രേരണകളോടുള്ള ഞങ്ങളുടെ ഉദാസീനതയിൽ നിന്ന്, അങ്ങേ മനുഷ്യാവതാരത്തിന്റെ പരമരഹസ്യത്തെക്കുറിച്ച്, അങ്ങേ പിറവിയെക്കുറിച്ച്, അങ്ങേ ബാല്യപ്രായത്തെക്കുറിച്ച്, അങ്ങേ ഛേദനാചാരത്തെക്കുറിച്ച്, അങ്ങേ കഠിനാദ്ധ്വാനത്തെക്കുറിച്ച്, അങ്ങേ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും കുറിച്ച്, അങ്ങേ ദുഃഖങ്ങളെയും രക്തവിയർപ്പിനെയും കുറിച്ച്, അങ്ങേ കുരിശിനെയും അങ്ങ് അനുഭവിച്ച പരിത്യക്തതയെയും കുറിച്ച്, അങ്ങേ തിരുമരണത്തെയും സംസ്കാരത്തെയും കുറിച്ച്, മഹിമ പ്രതാപത്തോടെയുള്ള അങ്ങേ ഉയിർപ്പിനെക്കുറിച്ച്, അത്ഭുതകരമായ അങ്ങേ സ്വർഗ്ഗാരോഹണത്തെക്കുറിച്ച്, പരി. കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച്, അങ്ങേ ആനന്ദത്തെക്കുറിച്ച്, അങ്ങ് മഹിമപ്രതാപത്തോടുകൂടി എഴുന്നെള്ളി വരുവാനിരിക്കുന്ന വിധി ദിവസത്തിൽ, ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ. ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രാർത്ഥിക്കാം ഓ! കർത്താവായ യേശുവേ, ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. കർത്താവേ ഞങ്ങൾക്ക് അങ്ങയുടെ ദിവ്യസ്നേഹം നൽകണമേ. ഞങ്ങളുടെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നതിനും ഞങ്ങളുടെ എല്ലാപ്രവൃത്തികളും വ്യാപാരങ്ങളും കൊണ്ട് അങ്ങയെ അവിരാമം മഹത്ത്വപ്പെടുത്തുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ തിരുനാമത്തോട് നിരന്തരമായ ഭയഭക്തി ഞങ്ങൾക്ക് നൽകണമേ. അവിടുത്തെ സ്നേഹം അങ്ങു ശാശ്വതമായി സ്ഥാപിച്ചിട്ടുള്ള ഹൃദയങ്ങളെ ഭരിക്കുവാൻ ഒരിക്കലും വിമുഖത കാണിക്കാതെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന യേശുവേ ആമ്മേൻ.

വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്ത്യാഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്ക് നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്ക് വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മദ്ധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്ക് വലിയ ആശ്രയം. കഷ്ടം! ഓ എന്റെ ദൈവമേ ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തേ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽ നിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ. അങ്ങയോട് സംസാരിക്കട്ടെ, അങ്ങയോട് പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ. അങ്ങയെ പ്രസാദിപ്പിക്കട്ടെ, മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോട് കാണിച്ച വലിയ കരുണകളെ ലോകം മുഴുവനും പോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ! ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദി പ്രകാശിപ്പിക്കുവാൻ എനിക്ക് സാധിക്കുമോ? മറിയം എന്നിലുണ്ട്. ഓ! അക്ഷയമായ നിധിയേ. ഓ! എത്ര വലിയ ആശ്വാസം! ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്ര വലിയ നന്ദിഹീനത ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽ പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ ഞാൻ പരിപൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻശ്ലീഹയോടുകൂടി കുരിശിൻചുവട്ടിൽ നിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യം തന്നെ എന്നെ അവൾക്ക് നല്കുകയും ചെയ്യുന്നു. പ്രിയ ഈശോ അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവ്വഹിച്ചിട്ടില്ലെങ്കിൽ, ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയെ, എന്റെ ആത്മാവിലോ, ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽ നിന്ന് ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ അത് അങ്ങേയ്ക്ക് അനുഗുണമല്ല തന്നെ. ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്ക് നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങ് നടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അത് വളർന്ന് പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ. ഓ! പരിശുദ്ധാത്മാവേ അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്ക് വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്ക് നല്കിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതുവഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്ക് സാധിക്കട്ടെ. ആമ്മേൻ

മറിയത്തിൽ ജീവിക്കുന്ന യേശുവേ

ഓ മേരിയിൽ വാഴുവോരേശുവേ, വന്നു വസിക്കുന്ന നിൻ ദാസരിൽ, അങ്ങേ വിശുദ്ധിതൻ അരൂപിയിലും, അങ്ങേ ശക്തിതന്നുടെ നിറവിലും, അങ്ങേ പുണ്യത്തിൻ സത്യമോടെയും, അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും, തിന്മതൻ ശക്തിയെല്ലാം തുരത്തണേ അങ്ങേ അരൂപിയാൽ, പിതാവിൻ മഹത്ത്വത്തിനായ് ആമ്മേൻ

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക