മൂന്നാം ആഴ്ച

32-ാം ദിവസം (34-ൽ)

32-ാം ദിവസം – ധ്യാനത്തിലൂടെ ഈശോമിശിഹായെക്കുറിച്ചുള്ള അറിവ്

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ദൈവസ്നേഹപ്രകരണങ്ങൾ, യേശുവിന്റെ അനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിക്കുക, മനഃസ്താപവും പ്രതിജ്ഞയും.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

യേശുക്രിസ്തുവിനെപ്പറ്റിയുള്ള അറിവ് (മൂന്നാമത്തെ ആഴ്ച)

മൂന്നാമത്തെ ആഴ്ചയിൽ അവർ യേശുവിനെപ്പറ്റി പഠിക്കാൻ അദ്ധ്വാനിക്കണം (നമ്പർ 230 കാണുക). യേശുവിൽ പഠിക്കേണ്ടതായി എന്തുണ്ട്? ഒന്നാമത് ദൈവമനുഷ്യൻ, അവിടുത്തേ കൃപാവരവും മഹത്ത്വവും, പിന്നെ, നമ്മുടെ മേൽ അധികാരമുള്ള രാജാവാകാനുള്ള അവിടുത്തേ അവകാശം. നാം പിശാചിനെയും ലോകത്തെയും ഉപേക്ഷിച്ചതിനുശേഷം, നാം യേശുക്രിസ്തുവിനെ നമ്മുടെ കർത്താവായി സ്വീകരിച്ചു. ഇനി നമ്മുടെ പഠനവിഷയം എന്തായിരിക്കണം? അവിടുത്തേ ബാഹ്യപ്രവൃത്തികൾ, അവിടുത്തേ പുണ്യങ്ങൾ, അവിടുത്തേ തിരുഹൃദയത്തിന്റെ വ്യാപാരങ്ങൾ, മംഗലവാർത്ത, മനുഷ്യാവതാരം, ബാല്യകാലം, രഹസ്യജീവിതം, കാനായിലെ കല്യാണം, കാൽവരി ഈവക രഹസ്യങ്ങളിൽ അവിടുത്തേക്കു മറിയത്തോടുള്ള ബന്ധം – ഇവയെല്ലാമാണ് പഠിക്കേണ്ടത്.

ക്രിസ്താനുകരണംപുസ്തകം 2, അദ്ധ്യായം 7 — സർവ്വോപരി യേശുവിനെ സ്നേഹിക്കുക

യേശുവിനെ സ്നേഹിക്കുക എന്നാൽ എന്ത് എന്നറിയുകയും യേശുവിനുവേണ്ടി സ്വയം താഴ്ത്തുകയും ചെയ്യുന്നവൻ അനുഗൃഹീതനാകുന്നു. ആ പ്രിയതമനുവേണ്ടി നിന്റെ പ്രിയപ്പെട്ടവ നീ വെടിയണം. എന്തുകൊണ്ടെന്നാൽ, സർവോപരി യേശു സ്നേഹിക്കപ്പെടട്ടെ. സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ സ്നേഹം, വഞ്ചന നിറഞ്ഞതും ചഞ്ചലവുമത്രെ, യേശുവിന്റെ സ്നേഹം വിശ്വാസയോഗ്യവും സുസ്ഥിരവുമാണ്. സൃഷ്ടികളോട് പറ്റിനില്ക്കുന്നവൻ അവയോടുകൂടി അധഃപതിക്കുന്നു. യേശുവിനെ ആശ്ലേഷിക്കുന്നവൻ എന്നേക്കും ഉറച്ചുനില്ക്കും. യേശുവിനെ സ്നേഹിച്ച് നിന്റെ സ്നേഹിതനാക്കുക. എല്ലാവരും നിന്നെ വിട്ടുപിരിയുമ്പോൾ അവിടുന്ന് നിന്നെ ഉപേക്ഷിക്കയോ നീ നശിക്കുന്നതിന് അനുവദിക്കയോ ഇല്ല. ഇഷ്ടമായാലും ഇല്ലെങ്കിലും എല്ലാ വസ്തുക്കളെയും നീ വിട്ടുപിരിയേണ്ടിവരും. ജീവിതത്തിലും മരണത്തിലും യേശുവിനോട് ചേർന്നിരിക്കുകയും അദ്ദേഹത്തിന്റെ സംരക്ഷണത്തിന് നീ സ്വയം സമർപ്പിക്കുകയും ചെയ്യുക. മറ്റെല്ലാവരും നിന്നെ വെടിയുമ്പോൾ അവനു മാത്രമേ നിന്നെ സഹായിക്കാൻ കഴിയൂ. തന്റെ സ്ഥാനത്ത് മറ്റാരെയും അനുവദിക്കാത്ത സ്വഭാവമാണ് നിന്റെ പ്രിയതമനുള്ളത്. അദ്ദേഹം നിന്റെ ഹൃദയത്തെ സ്വായത്തമാക്കുകയും രാജാവ് തന്റെ സിംഹാസനത്തിലെന്നപോലെ അതിൽ ഉപവിഷ്ടനാകുകയും ചെയ്യുന്നു.

യഥാർത്ഥ മരിയഭക്തിനമ്പർ 257 മുതൽ 260 വരെ

ഈ ഭക്തിയുടെ ബാഹ്യാനുഷ്ഠാനങ്ങളെ ഉപേക്ഷിക്കുവാൻ അവജ്ഞയോ അനാദരവോ കാരണമാകരുത്. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ അവ അഭ്യസിക്കുക തന്നെ വേണം. കൂടാതെ വിശുദ്ധി പ്രാപിക്കുവാൻ ഏറ്റവും പര്യാപ്തമായ ചില ആന്തരികാനുഷ്ഠാനങ്ങളുമുണ്ട്. പരിപൂർണ്ണതയുടെ ഉന്നതപദവിയിലേക്ക് പരിശുദ്ധാത്മാവ് വിളക്കുന്നവർക്കുള്ളതാണ് ഈ അനുഷ്ഠാനങ്ങൾ. അവയെ നാലുവാക്കുകളിൽ ഒതുക്കാം. നമ്മുടെ എല്ലാപ്രവൃത്തികളും മറിയത്തിലൂടെയും മറിയത്തിനോടൊന്നിച്ചും മറിയത്തിലും മറിയത്തിനുവേണ്ടിയും ചെയ്യുക. അതുവഴി ഈശോയിലൂടെയും ഈശോയോടൊന്നിച്ചും ഈശോയിലും ഈശോയ്ക്കുവേണ്ടിയും എല്ലാ പ്രവൃത്തികളും കൂടുതൽ പരിപൂർണ്ണമായി ചെയ്യുവാൻ നമുക്ക് കഴിയും. 1. മറിയത്തിലൂടെ എല്ലാ പ്രവൃത്തികളും മറിയത്തിലൂടെ വേണം നാം ചെയ്യുവാൻ എന്നു വച്ചാൽ എല്ലാക്കാര്യങ്ങളിലും അവളെ അനുസരിക്കുകയും അവൾക്ക് ചൈതന്യമേകുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യത്താൽ നയിക്കപ്പെടുകയും വേണം എന്നതാണ്. “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്” (റോമ. 8:14). ആകയാൽ മറിയത്തിന്റെ ചൈതന്യത്താൽ നയിക്കപ്പെടുന്നവർ മാത്രമാകുന്നു. അവളുടെ യഥാർത്ഥമക്കൾ, അതുവഴി ദൈവമക്കളും. മറിയത്തിന്റെ ചൈതന്യം ദൈവികചൈതന്യമാണെന്ന് പറഞ്ഞതിന് കാരണമുണ്ട്. സ്വന്തം ചൈതന്യത്താലല്ല, പ്രത്യുത ദൈവിക ചൈതന്യത്താലാണ് അവൾ എപ്പോഴും നയിക്കപ്പെട്ടിരുന്നത്. താൻ തന്നെ അവളുടെ ചൈതന്യമാകത്തക്കവണ്ണം അവിടുന്ന് അവളിൽ ആവസിക്കുകയും അവളെ പരിപൂർണ്ണമായി അധീനപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാരണത്താലാണ് വി. അംബ്രോസ് പറയുന്നത്; “കർത്താവിനെ മഹത്ത്വപ്പെടുത്തുവാൻ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ടായിരിക്കട്ടെ. ദൈവത്തിൽ ആനന്ദിക്കുവാൻ മറിയത്തിന്റെ ചൈതന്യം എല്ലാവരിലും നിറയട്ടെ”. മറിയത്തിന്റെ മൃദുലമെങ്കിലും സുശക്തവും, തീക്ഷ്ണമെങ്കിലും വിവേകപൂർവ്വവും, എളിയതെങ്കിലും സുധീരവും, പരിശുദ്ധമെങ്കിലും ഫലദായകവുമായ ചൈതന്യത്താൽ നിറഞ്ഞ് ഈശോസഭയിൽ അതിവിശുദ്ധജീവിതം കാഴ്ചവച്ച സഹോദരൻ അൽഫോൻസ് റോഡ്രിഗെസിനെപ്പോലെയാകുമ്പോൾ ഒരു ആത്മാവ് എത്ര സന്തോഷവാനല്ല! 2. മറിയത്തോടൊന്നിച്ച് നമ്മുടെ എല്ലാ പ്രവൃത്തികളും മറിയത്തോടൊന്നിച്ചുവേണം നിർവ്വഹിക്കുവാൻ എന്നുവച്ചാൽ നമുക്കുള്ള ചുരുങ്ങിയ സാദ്ധ്യത വച്ച് എല്ലാക്കാര്യങ്ങളിലും അനുകരിക്കുവാൻ പരിശുദ്ധാത്മാവ് രൂപപ്പെടുത്തിയ എല്ലാ സുകൃതങ്ങളുടെയും പൂർണ്ണതകളുടെയും മാതൃകയായി മറിയത്തെ നാം സ്വീകരിക്കണം. ആകയാൽ ഓരോ പ്രവൃത്തിയും മറിയം എപ്രകാരം ചെയ്തു. അവൾ നമ്മുടെ സ്ഥാനത്തായിരുന്നെങ്കിൽ എപ്രകാരം ചെയ്യുമായിരുന്നു എന്നിങ്ങനെ ചിന്തിക്കണം. ഇതിന്, ജീവിതകാലത്ത് അവൾ അഭ്യസിച്ച പുണ്യങ്ങളെ പഠിക്കുകയും അവയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യണം. 1. അവളുടെ സജീവവിശ്വാസമാണ് മാലാഖയുടെ വാക്കുകളെ സംശയിക്കാതെ വിശ്വസിക്കാൻ അവളെ പ്രാപ്തയാക്കിയത്. കുരിശിന്റെ ചുവടുവരെ നിരന്തരമായി അവൾ വിശ്വസിച്ചു. 2. അവളുടെ അഗാധമായ എളിമ അവളെ പ്രശാന്തമായ സമാധാനത്തിനുടമയാക്കി. അതവളെ ഒളിപ്പിച്ചു. എല്ലാറ്റിനും വിധേയമാക്കി. അവളെ എല്ലാറ്റിനും അവസാനത്തേതാക്കി.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ, സമുദ്രതാരമേ സ്വസ്തി, ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ, വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന, മറിയത്തിൽ ജീവിക്കുന്ന യേശുവേ.

പരിശുദ്ധാത്മാവിന്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ, സർവ്വശക്തനായ പിതാവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെ അനാദിയായ പുത്രനും ലോകരക്ഷകനുമായ യേശുവേ, – ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവിന്റെയും പുത്രന്റെയും അമേയമായ ജീവനായ പരിശുദ്ധാത്മാവേ, – ഞങ്ങളെ ശുദ്ധീകരിക്കണമേ. പരിശുദ്ധ ത്രിത്വമേ, – ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ, – ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കണമേ. (ഓരോന്നിനും: ഞങ്ങളെ അനുഗ്രഹിക്കണമേ) പിതാവിന്റെ വാഗ്ദാനമേ, സ്വർഗ്ഗീയ പ്രകാശത്തിന്റെ കതിരേ, എല്ലാ നന്മകളുടെയും കാരണമേ, സ്വർഗ്ഗീയ നീരുറവയേ, ദഹിപ്പിക്കുന്ന അഗ്നിയേ, ആർദ്രമായ സ്നേഹമേ, ആത്മീയാഭിഷേകമേ, സ്നേഹത്തിന്റെയും സത്യത്തിന്റെയും അരൂപിയേ, ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും അരൂപിയേ, സദുപദേശത്തിന്റെയും ആത്മശക്തിയുടെയും അരൂപിയേ, അറിവിന്റെയും ഭക്തിയുടെയും അരൂപിയേ, സമാധാനത്തിന്റെയും ശാന്തതയുടെയും അരൂപിയേ, വിനയത്തിന്റെയും നിഷ്കളങ്കതയുടെയും അരൂപിയേ, ആശ്വാസദായകനായ പരിശുദ്ധാത്മാവേ, വിശുദ്ധീകരിക്കുന്ന ആത്മാവേ, തിരുസഭയെ ഭരിക്കുന്ന പരിശുദ്ധാത്മാവേ, അത്യുന്നതനായ ദൈവത്തിന്റെ ദാനമായ പരിശുദ്ധാരൂപിയേ, പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന അരൂപിയേ, ദൈവമക്കളുടെ പുത്രസ്വീകാര്യത്തിന്റെ അരൂപിയേ, പരിശുദ്ധാത്മാവേ, പാപത്തെക്കുറിച്ചുള്ള ഭയത്താൽ ഞങ്ങളെ നിറയ്ക്കണേ, പരിശുദ്ധാത്മാവേ, അവിടുന്നു എഴുന്നള്ളിവന്നു ഭൂമുഖം നവീകരിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങേ പ്രകാശം ഞങ്ങളുടെ ആത്മാക്കളിൽ ചൊരിയണമേ, പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങയുടെ നിയമം എഴുതണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹാഗ്നിയാൽ ഞങ്ങളെ കത്തിജ്വലിപ്പിക്കണമേ, പരിശുദ്ധാത്മാവേ, അങ്ങയുടെ പ്രസാദവരങ്ങളുടെ ഭണ്ഡാഗാരം ഞങ്ങൾക്കായി തുറക്കണമേ, പരിശുദ്ധാത്മാവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ, പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ പ്രചോദനത്താൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ, പരിശുദ്ധാത്മാവേ, രക്ഷയുടെ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ. പരിശുദ്ധാത്മാവേ, ആവശ്യമായ ഒരേ ഒരു ജ്ഞാനം ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നന്മ അഭ്യസിക്കുവാൻ പ്രചോദനം നല്കണമേ. പരിശുദ്ധാത്മാവേ, എല്ലാ പുണ്യങ്ങളുടെയും യോഗ്യത ഞങ്ങൾക്കു നല്കണമേ. പരിശുദ്ധാത്മാവേ, നീതിയിൽ ഞങ്ങളെ നിലനിർത്തണമേ. പരിശുദ്ധാത്മാവേ, അവിടുന്നു ഞങ്ങളുടെ നിത്യമായ പ്രതിഫലമാകണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, അങ്ങയുടെ പരിശുദ്ധ ആത്മാവിനെ ഞങ്ങളിലേക്കയയ്ക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ഞങ്ങളിൽ വർഷിക്കണമേ. ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, ജ്ഞാനത്തിന്റെയും ഭക്തിയുടെയും അരൂപിയെ ഞങ്ങൾക്കു നല്കണമേ. ക: പരിശുദ്ധാത്മാവേ വരണമേ, അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. സ: അങ്ങേ സ്നേഹാഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കണമേ. പ്രാർത്ഥിക്കാം ഓ! കാരുണ്യവാനായ പിതാവേ, അങ്ങേ ദിവ്യാരൂപി ഞങ്ങളെ പ്രകാശിപ്പിക്കുകയും, ജ്വലിപ്പിക്കുകയും, പവിത്രീകരിക്കുകയും ചെയ്യട്ടെ. സ്വർഗ്ഗീയസുധ ഞങ്ങളിൽ ഒഴുക്കി, സത്പ്രവൃത്തികൾ ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. അങ്ങയോടുകൂടി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തിൽ ഞങ്ങളുടെ യാചനകൾ സാധിച്ചു തരണമേ. ആമ്മേൻ.

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

ഈശോയുടെ തിരുനാമത്തിന്റെ ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായെ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ, കർത്താവേ അനുഗ്രഹിക്കണമേ. മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ. (ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഭൂലോകരക്ഷകനായ ദൈവമേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായ പരിശുദ്ധത്രിത്വമേ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ, നിത്യപിതാവിന്റെ പ്രഭയായ ഈശോയേ, മഹത്ത്വത്തിന്റെ രാജാവായ ഈശോയേ, നീതിസൂര്യനായിരിക്കുന്ന ഈശോയേ, പരിശുദ്ധകന്യകാമറിയത്തിന്റെ തിരുക്കുമാരനായ ഈശോയേ, സ്നേഹത്തിന് ഏറ്റവും യോഗ്യനായ ഈശോയെ, അത്ഭുതത്തിന് വിഷയമായ ഈശോയെ, സർവ്വശക്തനായ ഈശോയെ, വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയെ, ശ്രേഷ്ഠമായ ഉപദേശത്തിന്റെ ദൂതനായ ഈശോയെ, ഏറ്റവും ശക്തനായ ഈശോയെ, ഏറ്റവും ക്ഷമയുള്ളവനായ ഈശോയെ, ഏറ്റവും അനുസരണമുള്ള ഈശോയെ, ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ, ബ്രഹ്മചര്യത്തെ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ സ്നേഹനിധിയായ ഈശോയെ, സമാധാനത്തിന്റെ ദൈവമായ ഈശോയെ, ആയുസ്സിന് കാരണമായ ഈശോയെ, സകല പുണ്യങ്ങൾക്കും മാതൃകയായ ഈശോയെ, ആത്മാക്കളെ അധികമായ സ്നേഹിക്കുന്ന ഈശോയെ, ഞങ്ങളുടെ സങ്കേതമായ ഈശോയെ, ദരിദ്രരുടെ പിതാവായ ഈശോയെ, വിശ്വാസികളുടെ നിക്ഷേപമായ ഈശോയെ, നല്ല ഇടയനായ ഈശോയെ, സത്യപ്രകാശമായ ഈശോയെ, നിത്യജ്ഞാനമായ ഈശോയെ, നിത്യനന്മകളുടെ നികേതനമായ ഈശോയെ, ഞങ്ങളുടെ ജീവനും വഴിയും സത്യവുമായ ഈശോയെ, മാലാഖമാരുടെ സന്തോഷമായ ഈശോയെ, പൂർവ്വപിതാക്കന്മാരുടെ രാജാവായ ഈശോയെ, ശ്ലീഹന്മാരുടെ ഗുരുവായ ഈശോയെ, സുവിശേഷകർക്ക് ആചാര്യനായ ഈശോയെ, വേദസാക്ഷികൾക്ക് ശക്തിപകർന്ന ഈശോയെ, വന്ദകന്മാരുടെ പ്രകാശമായ ഈശോയെ, ബ്രഹ്മചാരികളുടെ പരിശുദ്ധിയായ ഈശോയെ, സകല പുണ്യവാന്മാരുടെയും കിരീടമായ ഈശോയെ, ദയപരനായ കർത്താവേ! ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കണമേ. ദയപരനായ കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന നീ കേൾക്കണമേ. (ഓരോന്നിനും: കർത്താവേ ഞങ്ങളെ രക്ഷിക്കണമേ) സകലപാപങ്ങളിൽ നിന്ന്, അങ്ങേ കോപത്തിൽ നിന്ന്, പിശാചിന്റെ സകല തന്ത്രങ്ങളിൽ നിന്ന്, മോഹാഗ്നിയിൽ നിന്ന്, എന്നന്നേക്കുമുള്ള മരണത്തിൽ നിന്ന്, ഞങ്ങൾക്ക് അങ്ങുതരുന്ന നല്ല പ്രേരണകളോടുള്ള ഞങ്ങളുടെ ഉദാസീനതയിൽ നിന്ന്, അങ്ങേ മനുഷ്യാവതാരത്തിന്റെ പരമരഹസ്യത്തെക്കുറിച്ച്, അങ്ങേ പിറവിയെക്കുറിച്ച്, അങ്ങേ ബാല്യപ്രായത്തെക്കുറിച്ച്, അങ്ങേ ഛേദനാചാരത്തെക്കുറിച്ച്, അങ്ങേ കഠിനാദ്ധ്വാനത്തെക്കുറിച്ച്, അങ്ങേ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും കുറിച്ച്, അങ്ങേ ദുഃഖങ്ങളെയും രക്തവിയർപ്പിനെയും കുറിച്ച്, അങ്ങേ കുരിശിനെയും അങ്ങ് അനുഭവിച്ച പരിത്യക്തതയെയും കുറിച്ച്, അങ്ങേ തിരുമരണത്തെയും സംസ്കാരത്തെയും കുറിച്ച്, മഹിമ പ്രതാപത്തോടെയുള്ള അങ്ങേ ഉയിർപ്പിനെക്കുറിച്ച്, അത്ഭുതകരമായ അങ്ങേ സ്വർഗ്ഗാരോഹണത്തെക്കുറിച്ച്, പരി. കുർബ്ബാന സ്ഥാപിച്ചതിനെക്കുറിച്ച്, അങ്ങേ ആനന്ദത്തെക്കുറിച്ച്, അങ്ങ് മഹിമപ്രതാപത്തോടുകൂടി എഴുന്നെള്ളി വരുവാനിരിക്കുന്ന വിധി ദിവസത്തിൽ, ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ. ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിൻ കുട്ടിയായിരിക്കുന്ന ഈശോയെ, – കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രാർത്ഥിക്കാം ഓ! കർത്താവായ യേശുവേ, ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. കർത്താവേ ഞങ്ങൾക്ക് അങ്ങയുടെ ദിവ്യസ്നേഹം നൽകണമേ. ഞങ്ങളുടെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നതിനും ഞങ്ങളുടെ എല്ലാപ്രവൃത്തികളും വ്യാപാരങ്ങളും കൊണ്ട് അങ്ങയെ അവിരാമം മഹത്ത്വപ്പെടുത്തുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേ തിരുനാമത്തോട് നിരന്തരമായ ഭയഭക്തി ഞങ്ങൾക്ക് നൽകണമേ. അവിടുത്തെ സ്നേഹം അങ്ങു ശാശ്വതമായി സ്ഥാപിച്ചിട്ടുള്ള ഹൃദയങ്ങളെ ഭരിക്കുവാൻ ഒരിക്കലും വിമുഖത കാണിക്കാതെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന യേശുവേ ആമ്മേൻ.

വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന

ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്ത്യാഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്ക് നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്ക് വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മദ്ധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്ക് വലിയ ആശ്രയം. കഷ്ടം! ഓ എന്റെ ദൈവമേ ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തേ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽ നിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ. അങ്ങയോട് സംസാരിക്കട്ടെ, അങ്ങയോട് പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ. അങ്ങയെ പ്രസാദിപ്പിക്കട്ടെ, മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോട് കാണിച്ച വലിയ കരുണകളെ ലോകം മുഴുവനും പോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ! ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദി പ്രകാശിപ്പിക്കുവാൻ എനിക്ക് സാധിക്കുമോ? മറിയം എന്നിലുണ്ട്. ഓ! അക്ഷയമായ നിധിയേ. ഓ! എത്ര വലിയ ആശ്വാസം! ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്ര വലിയ നന്ദിഹീനത ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽ പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ ഞാൻ പരിപൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻശ്ലീഹയോടുകൂടി കുരിശിൻചുവട്ടിൽ നിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യം തന്നെ എന്നെ അവൾക്ക് നല്കുകയും ചെയ്യുന്നു. പ്രിയ ഈശോ അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവ്വഹിച്ചിട്ടില്ലെങ്കിൽ, ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയെ, എന്റെ ആത്മാവിലോ, ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽ നിന്ന് ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ അത് അങ്ങേയ്ക്ക് അനുഗുണമല്ല തന്നെ. ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്ക് നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങ് നടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അത് വളർന്ന് പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ. ഓ! പരിശുദ്ധാത്മാവേ അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്ക് വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്ക് നല്കിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതുവഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്ക് സാധിക്കട്ടെ. ആമ്മേൻ

മറിയത്തിൽ ജീവിക്കുന്ന യേശുവേ

ഓ മേരിയിൽ വാഴുവോരേശുവേ, വന്നു വസിക്കുന്ന നിൻ ദാസരിൽ, അങ്ങേ വിശുദ്ധിതൻ അരൂപിയിലും, അങ്ങേ ശക്തിതന്നുടെ നിറവിലും, അങ്ങേ പുണ്യത്തിൻ സത്യമോടെയും, അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും, തിന്മതൻ ശക്തിയെല്ലാം തുരത്തണേ അങ്ങേ അരൂപിയാൽ, പിതാവിൻ മഹത്ത്വത്തിനായ് ആമ്മേൻ

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക