സമർപ്പണ ദിവസം

34-ാം ദിവസം (34-ൽ)

34-ാം ദിവസം – സമർപ്പണ പ്രാർത്ഥന

ഈ തിരുനാൾ ദിനത്തിൽ, മറിയം വഴി ഈശോയ്ക്കുള്ള നിങ്ങളുടെ പൂർണ്ണ സമർപ്പണം നടത്തുക.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

വിശുദ്ധകുർബാന സ്വീകരണത്തിനു മുമ്പ്യഥാർത്ഥ മരിയഭക്തി, 266

1. ദൈവതിരുമുമ്പിൽ അഗാധമായ എളിമ പാലിക്കുക. 2. സ്വാർത്ഥസ്നേഹം നിന്റെ കളങ്കിതമായ ആത്മാവിനെയും മനോഭാവത്തെയും എത്രതന്നെ നല്ലതെന്നു തോന്നിപ്പിച്ചാലും അവയെ പരിത്യജിക്കുക. 3. “വത്സലനാഥേ ഞാനും എനിക്കുള്ളവയെല്ലാം നിന്റേതാണ്” എന്നുപറഞ്ഞ്, സമർപ്പണം നവീകരിക്കുക. 4. സ്നേഹപൂർണ്ണയായ ഈ മാതാവിനോടു പ്രാർത്ഥിക്കുക: “അമ്മേ, അവിടുത്തേ ഹൃദയം എനിക്കു കടം തരണമേ. അങ്ങനെ അവിടുത്തേ ദിവ്യസുതനെ അമ്മയുടെ മനോഭാവത്തോടെ അവളുടെ സ്വന്തമെന്നോണം അവിടെ സ്വീകരിക്കുവാൻ എനിക്കു കഴിയട്ടെ.” ഈശോ പാപപങ്കിലവും ചപലവുമായ നിന്റെ ഹൃദയത്തിൽ എഴുന്നെള്ളിവരുന്നെങ്കിൽ അതു തീർച്ചയായും അവിടുത്തേ മഹത്ത്വത്തെ കുറയ്ക്കും; ഒരുപക്ഷേ, നിനക്ക് അവിടുന്ന് നഷ്ടമാവുകയും ചെയ്യുമെന്ന് മറിയത്തോടുണർത്തിക്കുക. എന്നാൽ തന്റെ ദിവ്യസുതനെ സ്വീകരിക്കുവാൻ മറിയം നിന്റെ ഹൃദയത്തിൽ വരുകയും വസിക്കുകയും ചെയ്യുമെങ്കിൽ, അവൾക്ക് അവിടുത്തേ യഥായോഗ്യം സ്വീകരിക്കുവാൻ കഴിയും; എല്ലാ ഹൃദയങ്ങളുടെയും മേൽ പരമാധികാരമുള്ളതുകൊണ്ട് അവൾക്കു നിന്നിൽ വസിക്കുകയും ചെയ്യാം. മാത്രമല്ല, അവൾ സ്വീകരിക്കുന്നുവെങ്കിൽ, ഈശോ നമുക്കു നഷ്ടപ്പെടുകയില്ല. അവൾ വേണ്ടവിധത്തിൽ അവിടുത്തേ സ്വീകരിക്കും. അവിടുത്തെ അവഗണിച്ചുവെന്നോ അപകീർത്തിപ്പെടുത്തിയെന്നോ, കളങ്കപ്പെടുത്തിയെന്നോ ഒന്നും നമുക്കു ഭയപ്പെടാനില്ലതാനും. “ആ നഗരത്തിൽ ദൈവം വസിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല” (സങ്കീ. 45:6). നീ അവൾക്കു സമർപ്പിച്ചിട്ടുള്ള നിന്റെ സ്വന്തമായതെല്ലാം വളരെക്കുറച്ചുമാത്രമേ അവളെ മഹത്ത്വപ്പെടുത്തൂ എന്ന് നീ വിശ്വാസപൂർവ്വം അവളോടു പറയുക. എന്നാൽ, നിത്യപിതാവ് അവൾക്കു നല്കിയ അതേ സമ്മാനമായ യേശുവിനെതന്നെ വിശുദ്ധകുർബാന സ്വീകരണംവഴി അവൾക്കു നല്കുവാൻ നീ ആഗ്രഹിക്കുന്നുവെന്ന് അവളെ അറിയിക്കുക. ഇങ്ങനെ, ലോകസമ്പത്തുക്കളെല്ലാം നല്കിയാലെന്നതിനേക്കാൾ അവളെ മഹത്ത്വപ്പെടുത്തുവാൻ നിനക്കു സാധിക്കും. അഴുക്കു നിറഞ്ഞതും ദരിദ്രവുമായ കാലിത്തൊഴുത്തിൽ ഈശോ സന്തോഷപൂർവ്വം പിറക്കുവാൻ കാരണം മറിയം അവിടെയുണ്ടായിരുന്നതാണ്. അതുകൊണ്ട്, മറിയത്തെ അത്യധികം സ്നേഹിക്കുന്ന ഈശോ, കാലിത്തൊഴുത്തിനെക്കാൾ മലിനവും ദരിദ്രവുമായ നിന്റെ ഹൃദയത്തിലാണെങ്കിലും, അവളിൽ ആനന്ദിക്കുവാനും വിശ്രമിക്കുവാനും ആഗ്രഹിക്കുന്നുവെന്ന് അവളോട് പറയുക. അവളുടെ ഹൃദയം നിനക്കു തരുവാൻ സ്നേഹപൂർണ്ണമായ ഈ വാക്കുകളിലൂടെ നീ യാചിക്കൂ. “ഓ മറിയമേ, എന്റെ എല്ലാമായി നിന്നെ ഞാൻ സ്വീകരിക്കുന്നു; നിന്റെ ഹൃദയം എനിക്കു തരൂ.”

വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾയഥാർത്ഥ മരിയഭക്തി, 267–269

ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല” എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും ഏറ്റവും നല്ല പിതാവായ ദൈവത്തോടു നീ കാണിച്ച കൃതഘ്നതയുംമൂലം അവിടുത്തേ ഏകജാതനെ സ്വീകരിക്കുവാൻ നിനക്കു യോഗ്യതയില്ലെന്നും, എന്നാൽ ഇതാ കർത്താവിന്റെ ദാസി (ലൂക്കാ 1:38) എന്നു പറഞ്ഞ അവിടുത്തേ ദാസിയായ മറിയമാണ് ഇപ്പോൾ, നിന്റെ പ്രാതിനിധ്യം വഹിക്കുകയും അവിടുത്തേ ദിവ്യപ്രഭാവത്തിൽ പ്രത്യാശയും ശരണവും അർപ്പിക്കുവാൻ നിനക്കു പ്രചോദനമരുളുകയും ചെയ്യുന്നതെന്നും അവിടുത്തേ ഉണർത്തിക്കുക. “എന്തുകൊണ്ടെന്നാൽ, നീ അസാധാരണമാംവിധം എന്നെ ആശ്വാസത്തിൽ വസിപ്പിച്ചു” (സങ്കീ. 4:10). ദൈവസുതനോടു തുറന്നു പറയുക: “നാഥാ, അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരുവാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ആത്മാവ് സുഖം പ്രാപിക്കും.” വ്യർത്ഥവും നിന്ദ്യവുമായ സംസാരവും അവിടുത്തേ ശുശ്രൂഷയിൽ കാണിച്ച അവിശ്വസ്തതയുംമൂലം ഈശോയെ സ്വീകരിക്കുവാൻ നീ അനർഹനാണെന്ന് ഏറ്റുപറയുക. അവിടുത്തേ കാരുണ്യം യാചിക്കുന്നുവെന്നും നിന്റേയും അവിടുത്തേയും മാതാവിന്റെ ഭവനത്തിലേക്ക് നീ അദ്ദേഹത്തെ കൊണ്ടുപോകുമെന്നും, അത് അവിടുത്തേ വാസസ്ഥലമാക്കുന്നതുവരെ, അവിടെനിന്നുപോകുവാൻ അനുവദിക്കുകയില്ലെന്നും അവിടത്തോടു പറയുക: “എന്റെ അമ്മയുടെ ഭവനത്തിലേക്കും എന്നെ ഉദരത്തിൽ വഹിച്ചവളുടെ മുറിയിലേക്കും അവനെ കൊണ്ടുവരാതെ അവനെ ഞാൻ വിട്ടില്ല” (ഉത്ത. 3:4). അവിടുത്തേ വിശ്രമസ്ഥലത്തേക്കും വിശുദ്ധിയുടെ കൂടാരത്തിലേക്കും എഴുന്നള്ളിവരുവാൻ ഈശോയോട് അപേക്ഷിക്കുക: “കർത്താവേ എഴുന്നേറ്റ് അവിടുത്തേ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരേണമേ” (സങ്കീ. 132:8). സ്വന്തം ശക്തിയിലും യോഗ്യതകളിലും ഒരുക്കത്തിലും ആശ്രയിച്ച ഏസാവല്ല, തന്റെ മാതാവായ റബേക്കായിൽ ആശ്രയിച്ച യാക്കോബാണ് നീ സ്വീകരിച്ചിരിക്കുന്ന മാതൃകയെന്നും നിന്റെ പ്രിയമാതാവായ മറിയത്തിലാണു നീ ആശ്രയിക്കുന്നതെന്നും അവിടുത്തേ അറിയിക്കുക. പാപിയായ നീ ദിവ്യനാഥയുടെ യോഗ്യതകളാലും സുകൃതങ്ങളാലും അലംകൃതനും അവളുടെ ആശ്രിതനുമായി വിശുദ്ധിമാത്രമായ അവിടുത്തേ സമീപിക്കുവാൻ ധൈര്യപ്പെടുന്നുവെന്ന് അവിടുത്തോടു പറയുക. പരിശുദ്ധാത്മാവിനോടും ഏറ്റുപറയുക “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല;” നീ ഭക്തിയിൽ മന്ദോഷ്ണനായിരിക്കുന്നതും ദുഷ്കൃത്യങ്ങൾ ചെയ്യുന്നതും അവിടുത്തേ പ്രചോദനങ്ങളെ പരിത്യജിക്കുന്നതുംമൂലം അവിടുത്തേ സ്നേഹത്തിന്റെ നിരുപമ സൃഷ്ടിയായ ഈശോയെ സമീപിക്കുവാൻ നീ തികച്ചും അനർഹനാണെന്നും ഏറ്റുപറയുക. അവിടുത്തേ വിശ്വസ്തവധുവായ മറിയമാണു നിന്റെ ആശ്രയമെന്നു തിരുമനസ്സുണർത്തിക്കുക. വി. ബർണാദിനോടൊത്തു പറയുക: “അവളാണ് എന്റെ ഏറ്റവും വലിയ സംരക്ഷക; എന്റെ ശരണത്തിന്റെ മുഴുവൻ ആധാരവും അവൾതന്നെയാണ്.” മറിയത്തിന്റെ ഉദരം ഏറ്റവും പരിശുദ്ധമാണെന്നും അവളുടെ ഹൃദയം സ്നേഹനിർഭരമാണെന്നും അവിടുത്തോടു പറയുക; അവിടുത്തേ പ്രേയസിയായ അവളുടെമേൽ ഒന്നുകൂടെ ആവസിക്കണമെന്ന് അവിടുത്തോട് അപേക്ഷിക്കുക. അവളുടെ വക്ഷസ്സും പണ്ടെന്നപോലെ നിർമ്മലമാണെന്നും അവളുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരിക്കുന്നതാണെന്നും അവിടുത്തേ അറിയിക്കുക. അവിടുന്നു നിന്റെ ആത്മാവിൽ എഴുന്നെള്ളിവരുന്നില്ലെങ്കിൽ, ഈശോയോ മറിയമോ അവിടെ രൂപംപ്രാപിക്കുകയോ അനുയോജ്യമായ വാസസ്ഥലം അവിടെ കണ്ടെത്തുകയോ ചെയ്യുകയില്ലെന്ന് അവിടുത്തേ ഓർമ്മപ്പെടുത്തുക.

ദിവ്യകാരുണ്യ സ്വീകരണാനന്തരംയഥാർത്ഥ മരിയഭക്തി, 270–273

ദിവ്യകാരുണ്യ സ്വീകരണത്തിനുശേഷം കണ്ണുകളടച്ച് ആന്തരിക ഏകാന്തത പുലർത്തി ഈശോയെ മറിയത്തിന്റെ ഹൃദയത്തിൽ പ്രവേശിപ്പിക്കണം. ഈശോയെ അവിടുത്തേ മാതാവിനു സമർപ്പിക്കണം. സ്നേഹത്തോടെ അവൾ അവിടുത്തേ സ്വീകരിക്കും. ബഹുമാന്യമായ ഒരു സ്ഥലത്ത് അവിടുത്തേ ഇരുത്തും; താണുവീണ് ആരാധിക്കും; അകമഴിഞ്ഞ് സ്നേഹിക്കും; ഗാഢമായി ആശ്ലേഷിക്കും; കൂരിരുട്ടിലായിരിക്കുന്ന നമുക്ക് അജ്ഞാതമായ ആരാധന ആത്മാവിലും സത്യത്തിലും അവൾ അവിടുത്തേക്കു നല്കും. അല്ലെങ്കിൽ, മറിയത്തിൽ വസിക്കുന്ന ഈശോയുടെ സന്നിധിയിൽ ആഴമായ എളിമയോടെ നില്ക്കുക. അതുമല്ലെങ്കിൽ രാജ്ഞിയോടൊത്തുവസിക്കുന്ന രാജാവിന്റെ അരമനയുടെ പടിക്കൽ ഒരു അടിമയെപ്പോലെ നില്ക്കുക. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അവിടെ നിന്റെ ആവശ്യമില്ലാത്തതിനാൽ, സ്വർഗ്ഗത്തിലൂടെയും ഭൂമിയിലൂടെയും അരൂപിയിൽ പറന്ന്, നിനക്കുവേണ്ടി മറിയത്തിൽ ഈശോയെ സ്നേഹിക്കുകയും ആരാധിക്കുകയും അവിടുത്തേക്കു കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്യുവാൻ, എല്ലാ സൃഷ്ടികളെയും ക്ഷണിക്കുക: “വരുവിൻ, നമുക്ക് ആരാധിക്കാം.” അഥവാ, അവിടുത്തേ രാജ്യം പരിശുദ്ധാത്മാവുവഴി ഭൂമിയിൽ വരട്ടെയെന്നു മറിയത്തോടൊത്ത് ഈശോയോടു നേരിട്ടു പ്രാർത്ഥിക്കാം. അല്ലെങ്കിൽ, ദൈവജ്ഞാനവും ദൈവസ്നേഹവും പാപമോചനവും അതുപോലെ മറ്റുവരങ്ങളും യാചിക്കാം. പക്ഷേ, എപ്പോഴും മറിയംവഴിയും മറിയത്തോടൊത്തും വേണം യാചിക്കുവാൻ. നിന്നെത്തന്നെ അവഗണിച്ചുകൊണ്ട് പറയുക: “നാഥാ, എന്റെ പാപങ്ങളെ വീക്ഷിക്കരുതേ! മറിയത്തിന്റെ സുകൃതങ്ങളെയും യോഗ്യതകളെയുമല്ലാതെ മറ്റൊന്നും നിന്റെ നയനങ്ങൾ എന്നിൽ ദർശിക്കാതിരിക്കട്ടെ.” നിന്റെ പാപങ്ങളെ അനുസ്മരിച്ചുകൊണ്ടു പറയുക: “ശത്രുവാണ് ഇതു ചെയ്തത്” (മത്താ. 13:28). എന്റെ ഏറ്റവും വലിയ ശത്രുവായ ഞാൻ ഈ പാപങ്ങൾ ചെയ്തു; അഥവാ, “വഞ്ചകരും നീതിരഹിതരുമായവരിൽനിന്ന് എന്നെ മോചിക്കണമേ!” (സങ്കീ. 43:1). അല്ലെങ്കിൽ, “എന്റെ യേശുവേ, അങ്ങെന്റെ ആത്മാവിൽ വളരുകയും ഞാൻ കുറയുകയും വേണം” (യോഹ. 3:30). ഓ! മറിയമേ, അങ്ങ് എന്നിൽ വളരണം, ഞാൻ ഇതുവരെ ആയിരുന്നതിനെക്കാൾ ചെറുതാകണം. ഓ ഈശോ, മറിയമേ, നിങ്ങൾ എന്നിലും എന്റെ സമീപസ്ഥരിലും വളരുവിൻ. “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ.” (ഉത്പ. 1:28). നീ ആന്തരിക ജീവിതം നയിക്കുകയും ആശാനിഗ്രഹം പാലിക്കുകയും അത്യുത്കൃഷ്ടവും മഹത്തരവുമായ ഈ ഭക്തി വിശ്വസ്തതാപൂർവ്വം അഭ്യസിക്കുകയും ചെയ്യുമെങ്കിൽ അന്തമില്ലാത്തവണ്ണം നല്ല ചിന്തകൾ പരിശുദ്ധാത്മാവു നിന്നിൽ ഉത്പാദിപ്പിക്കും. പക്ഷേ ഇത് അനുസ്മരിക്കുക: വിശുദ്ധ കുർബാന സ്വീകരണത്തിൽ എത്രയധികം പ്രവർത്തിക്കുവാൻ മറിയത്തെ നീ അനുവദിക്കുമോ, അത്രയധികം നീ ഈശോയെ മഹത്ത്വപ്പെടുത്തും. എത്ര അഗാധമായി നീ നിന്നെത്തന്നെ എളിമപ്പെടുത്തുകയും, കാണുവാനും ശ്രവിക്കുവാനും രുചിക്കുവാനും ശ്രമിക്കാതെ, പ്രശാന്തമായും പ്രസന്നമായും ഈശോയെയും മറിയത്തെയും ശ്രവിക്കുകയും ചെയ്യുമോ അത്രയധികം മറിയം ഈശോയ്ക്കുവേണ്ടിയും ഈശോ മറിയത്തിലും പ്രവർത്തിക്കും. നീതിമാൻ എല്ലാറ്റിലും വിശ്വാസചൈതന്യത്തോടെയാണല്ലോ ജീവിക്കുന്നത്; പ്രത്യേകിച്ച്, വിശ്വാസത്തിന്റെ പ്രവൃത്തിയായ ദിവ്യകാരുണ്യസ്വീകരണത്തിൽ. “നീതിമാൻ വിശ്വാസംമൂലം ജീവിക്കും” (ഹെബ്രാ. 10:38).
  1. ഉപവസിക്കുക, ദാനധർമ്മം ചെയ്യുക, അല്ലെങ്കിൽ മറ്റുള്ളവർക്കുവേണ്ടി നേർച്ചയായി ഒരു മെഴുകുതിരി കത്തിക്കുക; ആത്മനിഗ്രഹത്തിന്റെ അരൂപിയോടെ ഒരുങ്ങുക.
  2. കുമ്പസാരിക്കുക (അല്ലെങ്കിൽ അതിനുമുമ്പുള്ള 8 ദിവസങ്ങൾക്കുള്ളിൽ), മറിയം വഴി ഈശോയ്ക്ക് നിങ്ങളെത്തന്നെ നൽകുക എന്ന നിയോഗത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുക.
  3. വിശുദ്ധ കുർബാനയ്ക്കു ശേഷം (ഉദാ. സക്രാരിയുടെ മുമ്പിൽ) താഴെയുള്ള സമർപ്പണ പ്രാർത്ഥന ചൊല്ലുക. പ്രിന്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒപ്പിട്ട് തീയതി എഴുതുക.

ഈ ദിവസത്തെ പ്രാർത്ഥനകൾ

മരിയസമർപ്പണപ്രകരണം: ഈശോയ്ക്ക് മറിയത്തിന്റെ കരങ്ങൾവഴിയുള്ള സമർപ്പണം

നിത്യനും മനുഷ്യനായി പിറന്നവനുമായ ജ്ഞാനമേ! ഏറ്റവും മാധുര്യവാനും ആരാധ്യനുമായ ഈശോ, യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമായവനെ, പിതാവിന്റെയും നിത്യകന്യകാമറിയത്തിന്റെയും ഏകസുതാ, നിത്യതയിൽ പിതാവിന്റെ വക്ഷസ്സിലും പ്രതാപങ്ങളിലും അങ്ങയെ ഞാൻ ആരാധിക്കുന്നു. മനുഷ്യാവതാരവേളയിൽ അവിടുത്തേക്ക് അങ്ങേയറ്റം അനുരൂപനായ മറിയത്തിന്റെ വിശുദ്ധോദരത്തിലും അങ്ങയെ ഞാൻ താണുവീണാരാധിക്കുന്നു. പിശാചിന്റെ നിഷ്ഠൂരമായ അടിമത്തത്തിൽ നിന്ന് എന്നെ രക്ഷിക്കുവാൻ വേണ്ടി സ്വയം ശൂന്യനാക്കി അടിമയെപ്പോലെ ആയ നാഥാ, അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. മറിയം വഴി എന്നെ അങ്ങയുടെ വിശ്വസ്തദാസനാക്കുവാൻ വേണ്ടി, അവിടുത്തെ പരിശുദ്ധമാതാവിന് എല്ലാക്കാര്യങ്ങളിലും കീഴ്പ്പെടുവാൻ ഇഷ്ടപ്പെട്ട അങ്ങയെ ഞാൻ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ കഷ്ടം ഭാഗ്യഹീനനും നന്ദിഹീനനും അവിശ്വസ്തനുമായ ഞാൻ മാമ്മോദീസായിൽ പരസ്യമായി അങ്ങയോട് ചെയ്ത ദൃഢപ്രതിജ്ഞകൾ പാലിച്ചില്ല. എന്റെ കർത്തവ്യങ്ങൾ ഞാൻ നിർവ്വഹിച്ചില്ല. അങ്ങയുടെ സുതനെന്നല്ല, അടിമയെന്ന് പോലും വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. അവിടുത്തെ കോപവും തിരസ്ക്കരണവും അർഹിക്കാത്ത ഒന്നുപോലും എന്നിലില്ല. ആകയാൽ പരമപരിശുദ്ധനും മഹത്ത്വപൂർണ്ണനുമായ അവിടുത്തേ പക്കൽ വരുവാൻ എനിക്ക് ധൈര്യമില്ല. അതുകൊണ്ട് അവിടുത്തെ ഏറ്റവും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം ഞാൻ അപേക്ഷിക്കുന്നു. മറിയത്തെയാണല്ലോ അവിടുന്ന് ഞങ്ങൾക്ക് മദ്ധ്യസ്ഥയായി തന്നിട്ടുള്ളത്. ഈ നാഥയിലൂടെ മനഃസ്താപവും, പാപമോചനവും അങ്ങിൽ നിന്ന് ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അതുപോലെ തന്നെ ജ്ഞാനസമ്പാദനവും അതിന്റെ സൂക്ഷിപ്പും ഞാൻ പ്രതീക്ഷിക്കുന്നു. അമലോത്ഭവയായ മറിയമേ, ജീവനുള്ള ദൈവത്തിന്റെ സജീവാലയമേ, സ്വസ്തി! അങ്ങിൽ നിത്യജ്ഞാനം വസിക്കുവാനും, മാലാഖമാരാലും, മനുഷ്യരാലും ആരാധിക്കപ്പെടുവാനും ഇടയായല്ലോ. ഭൂസ്വർഗ്ഗങ്ങളുടെ രാജ്ഞീ, സ്വസ്തി! ദൈവത്തിന്റെ അധികാരസീമയിലുള്ളവ നിനക്ക് അധീനമാണല്ലോ. പാപികളുടെ സങ്കേതമേ സ്വസ്തി! അങ്ങയുടെ കരുണ ആർക്കാണ് ലഭിക്കാതെ പോകുക? ദൈവികജ്ഞാനം ലഭിക്കുവാനുള്ള എന്റെ ആഗ്രഹം ഞാനിതാ സമർപ്പിക്കുന്നു. അതിനായി എന്റെ ഇല്ലായ്മയുടെ അഗാധത്തിൽ നിന്നുള്ള എന്റെ സമർപ്പണവും പ്രതിജ്ഞകളും അവിടുന്ന് ദയാപൂർവ്വം സ്വീകരിക്കണമേ. ഞാൻ .................... (പേര്) അവിശ്വസ്തനായ ഒരു പാപി, മാമ്മോദീസായിൽ ചെയ്ത പ്രതിജ്ഞകളെ ഇന്ന് നവീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും പ്രവർത്തനങ്ങളെയും ഞാൻ എന്നന്നേക്കുമായി പരിത്യജിക്കുന്നു. ജീവിതത്തിലെ എല്ലാദിവസവും എന്റെ കുരിശുവഹിച്ചുകൊണ്ട് ഈശോയെ പിന്തുടരുവാനും, ഇനിമേൽ അവിടുത്തോട് കൂടുതൽ വിശ്വസ്തനായിരിക്കുവാനും വേണ്ടി ഞാൻ എന്നെത്തന്നെ പൂർണ്ണമായി ഈശോയ്ക്ക് സമർപ്പിക്കുന്നു. ഓ! മറിയമേ, സ്വർഗ്ഗനിവാസികൾ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ ഇന്നേദിവസം എന്റെ മാതാവും നാഥയുമായി അങ്ങയെ ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ അടിമയായി എന്നെത്തന്നെ സമർപ്പിക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്റെ ആത്മാവും, ശരീരവും, ആന്തരികവും, ബാഹ്യവുമായ എല്ലാവയും എന്റെ എല്ലാ നല്ല പ്രവൃത്തികളുടെ യോഗ്യതകളും കഴിഞ്ഞതു ഇപ്പോഴുള്ളതും വരാനിരിക്കുന്നതും ഒന്നും മാറ്റിവയ്ക്കാതെ എല്ലാം ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെയും എനിക്കുള്ളവയുടെയും മേൽ പരിപൂർണ്ണമായ അധികാരാവകാശങ്ങൾ ഞാൻ അങ്ങേയ്ക്ക് നൽകുന്നു. സമയത്തിലും നിത്യതയിലും ദൈവമഹത്ത്വത്തിനുവേണ്ടി അങ്ങേ ഇഷ്ടം പോലെ അവയെ വിനിയോഗിച്ചാലും. കരുണാനിധിയായ കന്യകേ, അങ്ങേ മാതൃത്വത്തോട് നിത്യജ്ഞാനം പ്രകടിപ്പിച്ച വിധേയത്വത്തോട് യോജിച്ച്, ആ വിധേയത്വത്തിന്റെ സ്തുതിക്കായി, എന്റെ അടിമത്തത്തിന്റെ ഈ ചെറിയ സമർപ്പണത്തെ അങ്ങ് സ്വീകരിക്കണമേ. അതിനിസ്സാരനും വലിയ പാപിയുമായ എന്റെമേൽ നിങ്ങൾക്കിരുവർക്കുമുള്ള അധികാരത്തിന് എന്റെ അർച്ചനയായും പരിശുദ്ധത്രിത്വം അങ്ങേമേൽ വർഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയായും ഇതു സ്വീകരിച്ചാലും. ഇനിമേൽ എന്നും യഥാർത്ഥ അടിമയെപ്പോലെ അങ്ങേ ബഹുമാനിക്കുവാനും എല്ലാക്കാര്യങ്ങളിലും അങ്ങേ അനുസരിക്കുവാനും ആഗ്രഹിക്കുന്നുവെന്ന് ഞാനിതാ പ്രഖ്യാപിക്കുന്നു. ഓ! അതുല്യയായ മാതാവേ, അങ്ങേ പ്രിയസുതനു നിത്യഅടിമയായി എന്നെ സമർപ്പിക്കണമേ. അങ്ങുവഴി അവിടുന്ന് എന്നെ രക്ഷിച്ചതുപോലെ അങ്ങുവഴി അവിടുന്ന് എന്നെ സ്വീകരിക്കുകയും ചെയ്യട്ടെ! ഓ! കരുണയുടെ മാതാവേ, യഥാർത്ഥമായ ദൈവികജ്ഞാനം ലഭിക്കുവാൻ തക്കസഹായം എനിക്ക് നല്കണമേ. ഇതിനായി മക്കളെയും അടിമകളെയും പോലെ അങ്ങ് സ്നേഹിക്കുകയും പഠിപ്പിക്കുകയും തീറ്റിപ്പോറ്റുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ എന്നെയും അങ്ങ് ചേർക്കണമേ. ഓ! വിശ്വസ്തയായ കന്യകേ, എന്നെ അങ്ങയുടെ സുതനും മാംസം ധരിച്ച ജ്ഞാനവുമായ ഈശോമിശിഹായുടെ യഥാർത്ഥശിഷ്യനും അനുയായിയും അടിമയുമാക്കണമേ! അങ്ങനെ അങ്ങയുടെ മാദ്ധ്യസ്ഥ്യവും മാതൃകയും വഴി ഭൂമിയിലെ അവിടുത്തെ പൂർണ്ണതയും സ്വർഗ്ഗത്തിലെ അവിടുത്തെ മഹത്ത്വവും എനിക്ക് ലഭിക്കുമാറാകട്ടെ. ആമ്മേൻ

ഇവിടെ ഒപ്പിടുക.

പ്രിന്റ് ചെയ്യാവുന്ന PDF നേടുക — ഒപ്പിടാനായി സമർപ്പണ പ്രാർത്ഥനയുടെ പ്രിന്റ് ചെയ്യാവുന്ന PDF ലഭ്യമാണ്.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക