12 ദിവസത്തെ ഒരുക്കം

1-ാം ദിവസം (34-ൽ)

1-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)

“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.” ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

വിശുദ്ധ ഗ്രന്ഥംമത്തായി 5:1–19

ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്ക് കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്ക് വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്ക് കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല. പീഠത്തിന്മേലാണ് വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നൽകുന്നു. അപ്രകാരം മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. നിയമത്തെയോ, പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ സമസ്തവും നിറവേറുവോളം നിയമത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനെന്ന് വിളിക്കപ്പെടും. എന്നാൽ അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്ന് വിളിക്കപ്പെടും.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.

പാവനാത്മാവേ വരൂ

പാവനാത്മാവേ, വരിക വേഗം ദാസരിലെന്നും വസിച്ചിടേണം നിന്നാലെ നിർമ്മിതമായ ഹൃത്തിൽ ദിവ്യപ്രസാദം നിറച്ചിടേണം. ആശ്വാസദായകാ പാവനാത്മാ ദൈവികദാനവും സ്നേഹവും നീ ജീവൻ തരുന്നോരരുവിയും നീ അഗ്നി നീ ആത്മാവിൻലേപനവും സപ്തവരങ്ങളുമേകുവോനേ നിത്യപിതാവിൻ നീ പാണിയല്ലോ താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൻ പ്രസംഗവരപ്രദനും ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ മാനസേ സ്നേഹവും ചിന്തിടേണം നിൻദിവ്യശക്തിയാൽ മാനവർതൻ ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം. ശത്രുവെ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി തിന്മകളാകെയകറ്റേണമേ. താതനെയും ദിവ്യപുത്രനെയും പാവനാരൂപിയാമങ്ങയേയും നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ വിശ്വസിച്ചിടാമനവരതം ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ സ്തോത്രം സ്തുതിയും സദാപി ആമ്മേൻ

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

മറിയത്തിന്റെ സ്തോത്രഗീതം

എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തേ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടേമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക