12 ദിവസത്തെ ഒരുക്കം

2-ാം ദിവസം (34-ൽ)

2-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)

“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.” ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

വിശുദ്ധ ഗ്രന്ഥംമത്തായി 5:48

അതുകൊണ്ട് നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ.

വിശുദ്ധ ഗ്രന്ഥംമത്തായി 6:1–15

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരുടെ മുമ്പിൽ വച്ച് നിങ്ങളുടെ സത്കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്ക് പ്രതിഫലമില്ല. മറ്റുള്ളവരിൽ നിന്ന് പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധർമ്മദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകും. പ്രാർത്ഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ; സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് നല്കണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.

പാവനാത്മാവേ വരൂ

പാവനാത്മാവേ, വരിക വേഗം ദാസരിലെന്നും വസിച്ചിടേണം നിന്നാലെ നിർമ്മിതമായ ഹൃത്തിൽ ദിവ്യപ്രസാദം നിറച്ചിടേണം. ആശ്വാസദായകാ പാവനാത്മാ ദൈവികദാനവും സ്നേഹവും നീ ജീവൻ തരുന്നോരരുവിയും നീ അഗ്നി നീ ആത്മാവിൻലേപനവും സപ്തവരങ്ങളുമേകുവോനേ നിത്യപിതാവിൻ നീ പാണിയല്ലോ താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൻ പ്രസംഗവരപ്രദനും ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ മാനസേ സ്നേഹവും ചിന്തിടേണം നിൻദിവ്യശക്തിയാൽ മാനവർതൻ ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം. ശത്രുവെ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി തിന്മകളാകെയകറ്റേണമേ. താതനെയും ദിവ്യപുത്രനെയും പാവനാരൂപിയാമങ്ങയേയും നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ വിശ്വസിച്ചിടാമനവരതം ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ സ്തോത്രം സ്തുതിയും സദാപി ആമ്മേൻ

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

മറിയത്തിന്റെ സ്തോത്രഗീതം

എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തേ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടേമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക