3-ാം ദിവസം (34-ൽ)
3-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക
ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.
വായനകൾ
ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)
“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.”
ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.
വിശുദ്ധ ഗ്രന്ഥംമത്തായി 7:1–14
വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ട് തന്നെ നിങ്ങൾക്കും അളന്നുകിട്ടും. നിന്റെ സഹോദരന്റെ കണ്ണിലെ കരടുകാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? അഥവാ നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ സഹോദരനോട് ഞാൻ നിന്റെ കണ്ണിൽ നിന്നുകരടെടുത്തു കളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽ നിന്ന് തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്ക് കാഴ്ച തെളിയും. വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അത് ചവിട്ടി നശിപ്പിക്കുകയും, തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? മക്കൾക്ക് നല്ലവസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും! മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും.
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും. എന്നാൽ ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
ഈ ദിവസത്തെ പ്രാർത്ഥനകൾ
പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.
പാവനാത്മാവേ വരൂ
പാവനാത്മാവേ, വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമ്മിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം.
ആശ്വാസദായകാ പാവനാത്മാ
ദൈവികദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻലേപനവും
സപ്തവരങ്ങളുമേകുവോനേ
നിത്യപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗവരപ്രദനും
ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻദിവ്യശക്തിയാൽ മാനവർതൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം.
ശത്രുവെ ദൂരെയകറ്റിയങ്ങേ
ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി
തിന്മകളാകെയകറ്റേണമേ.
താതനെയും ദിവ്യപുത്രനെയും
പാവനാരൂപിയാമങ്ങയേയും
നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ
വിശ്വസിച്ചിടാമനവരതം
ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ
സ്തോത്രം സ്തുതിയും സദാപി
ആമ്മേൻ
സമുദ്രതാരമേ സ്വസ്തി
പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദൈവമാതേ നീ അനുഗൃഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ
ദൈവികവചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈകദേവാ
പിതാവെ, പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ
മറിയത്തിന്റെ സ്തോത്രഗീതം
എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി
എന്നു പ്രകീർത്തിക്കും.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടുത്തേ നാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടേമേൽ
തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും.
അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു
ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തിൽ നിന്നു
മറിച്ചിട്ടു; എളിയവരെ ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ
ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും
അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം
അനുസരിച്ചുതന്നെ.
ത്രിത്വസ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.