12 ദിവസത്തെ ഒരുക്കം

4-ാം ദിവസം (34-ൽ)

4-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)

“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.” ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ക്രിസ്താനുകരണംപുസ്തകം 3 — മനുഷ്യന് അഭിമാനിക്കാൻ യാതൊന്നുമില്ല

ശിഷ്യൻ: “ദൈവമേ അങ്ങു മനുഷ്യനെ ഓർക്കാൻ അവനാര്? അഥവാ, മനുഷ്യപുത്രനെ അങ്ങു സന്ദർശിക്കാൻ അവനാര്?” (സങ്കീ. 8:5) മനുഷ്യന് അങ്ങയുടെ വരദാനം സ്വീകരിക്കാൻ എന്തുയോഗ്യതയുണ്ട്? ഗുരോ, അങ്ങ് എന്നെ ഉപേക്ഷിച്ചാൽ എനിക്ക് പരാതി പറയാൻ എന്തു കാരണമുണ്ട്? അങ്ങ് എന്റെ പ്രാർത്ഥന നിരസിച്ചാൽ അതിന് എനിക്ക് ആക്ഷേപം പറയാൻ എന്തുണ്ട്? എനിക്ക് ചിന്തിക്കുകയും പറയുകയും ചെയ്യാവുന്നതാണ്; ദൈവമേ ഞാൻ വെറും ശൂന്യനാണ്. എനിക്ക് യാതൊന്നും ചെയ്യാൻ കഴിവില്ല. എനിക്ക് നല്ല യാതൊന്നും സ്വന്തമായി ഇല്ല. ഞാൻ പാവവും നിസ്വനും ശൂന്യതയിലേക്ക് നിരന്തരം ചരിച്ചുകൊണ്ടിരിക്കുന്നവനുമാണ്. 2. എന്നാൽ ദൈവമേ, അങ്ങു നിത്യനും അനന്തനും ഗുണവാനും നീതിമാനും പരിശുദ്ധനുമാണ്; അങ്ങ് എല്ലാ കാര്യങ്ങളും മംഗളകരമായും ന്യായമായും പരിശുദ്ധമായും നിർവഹിക്കുന്നു. എല്ലാം ബുദ്ധിപൂർവ്വം പരിഹരിക്കുന്നു. എന്നാൽ മുമ്പോട്ടുപോകുന്നതിനേക്കാൾ പുറകോട്ട് പോകുന്നതിന് ഞാൻ പ്രേരിതനാകുന്നു. ഞാൻ എല്ലായ്പ്പോഴും ഒരേ നില തുടർന്നുപോകുന്നില്ല. എന്തുകൊണ്ടെന്നാൽ, ‘ഏഴു വിഭിന്നങ്ങളായ കാലങ്ങൾ എന്നെ മാറി മാറി ബാധിക്കുന്നു.’ എങ്കിലും അങ്ങ് പ്രസാദിച്ച് അങ്ങയുടെ കരം എന്നെ സഹായിക്കുന്നതിന് നീട്ടുമ്പോൾ ഞാൻ ക്ഷണേന നന്നാകുന്നു; അങ്ങേയ്ക്കുമാത്രം എന്നെ സഹായിക്കുന്നതിനും എന്റെ ഹൃദയം അങ്ങയോട് അഭിമുഖമാവുകയും അത് അങ്ങയെ മാത്രം അവലംബിക്കയും ചെയ്യത്തക്കവണ്ണം എന്നെ ബലവാനാക്കാനും സാധിക്കുന്നു. 3. അതുകൊണ്ട് അങ്ങയോടുള്ള ഭക്തി മൂലമോ, അങ്ങയെ ആരായുന്നതിനുള്ള ആവശ്യകത മൂലമോ ലോകസുഖം നിശ്ശേഷം ത്യജിക്കാൻ എനിക്ക് കഴിഞ്ഞുവെങ്കിൽ അങ്ങയുടെ അനുഗ്രഹം ലഭിക്കുമെന്ന് എനിക്ക് പ്രത്യാശിക്കയും നവമായ ആശ്വാസലബ്ധിയിൽ സന്തോഷിക്കയും ചെയ്യാമായിരുന്നു.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.

പാവനാത്മാവേ വരൂ

പാവനാത്മാവേ, വരിക വേഗം ദാസരിലെന്നും വസിച്ചിടേണം നിന്നാലെ നിർമ്മിതമായ ഹൃത്തിൽ ദിവ്യപ്രസാദം നിറച്ചിടേണം. ആശ്വാസദായകാ പാവനാത്മാ ദൈവികദാനവും സ്നേഹവും നീ ജീവൻ തരുന്നോരരുവിയും നീ അഗ്നി നീ ആത്മാവിൻലേപനവും സപ്തവരങ്ങളുമേകുവോനേ നിത്യപിതാവിൻ നീ പാണിയല്ലോ താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൻ പ്രസംഗവരപ്രദനും ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ മാനസേ സ്നേഹവും ചിന്തിടേണം നിൻദിവ്യശക്തിയാൽ മാനവർതൻ ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം. ശത്രുവെ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി തിന്മകളാകെയകറ്റേണമേ. താതനെയും ദിവ്യപുത്രനെയും പാവനാരൂപിയാമങ്ങയേയും നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ വിശ്വസിച്ചിടാമനവരതം ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ സ്തോത്രം സ്തുതിയും സദാപി ആമ്മേൻ

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

മറിയത്തിന്റെ സ്തോത്രഗീതം

എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തേ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടേമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക