12-ാം ദിവസം (34-ൽ)
12-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക
ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.
വായനകൾ
ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)
“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.”
ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.
ക്രിസ്താനുകരണംപുസ്തകം 1, അദ്ധ്യായം 25 (ഇന്നലത്തെ ബാക്കി പകുതി)
7. തീക്ഷ്ണതയുള്ള സന്ന്യാസി തന്നോട് ആജ്ഞാപിക്കുന്ന സകല കാര്യങ്ങളും സമാദരിക്കുകയും നിർവഹിക്കുകയും ചെയ്യുന്നു.
അലക്ഷ്യനും ഉദാസീനനുമായ സന്ന്യാസിക്ക് ഉപദ്രവങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുകയും അയാൾ എല്ലാ വിധത്തിലും മനോവേദന അനുഭവിക്കുകയും ചെയ്യുന്നു; എന്തുകൊണ്ടെന്നാൽ, അയാൾക്ക് ആന്തരമായ ആശ്വാസമില്ല, ബാഹ്യമായ ആശ്വാസം തേടുന്നതിന് അയാൾക്ക് അനുമതിയുമില്ല.
നിയമമനുസരിച്ച് ജീവിക്കാത്ത സന്ന്യാസിക്ക് ഭയങ്കരമായ നാശം നേരിടുന്നു.
തോന്ന്യാസവും സുഖവഴിയും തേടുന്നവൻ എല്ലായ്പ്പോഴും ഞെരുക്കത്തിലായിരിക്കും; എന്തുകൊണ്ടെന്നാൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് അവന് ദുഃഖമുണ്ടാക്കും.
8. സനിഷ്കർഷമായ ജീവിതക്രമത്തിന് വിധേയരായി ജീവിക്കുന്ന മറ്റനേകരുണ്ട്. ആ സന്ന്യാസികൾ എങ്ങനെ കഴിഞ്ഞുകൂടുന്നു?
അവർ വളരെ അപൂർവ്വമായിട്ടേ പുറത്തുപോകുന്നുള്ളൂ; അവർ ആശ്രമത്തിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നു; അവരുടെ ആഹാരം വളരെ ദരിദ്രോചിതമാണ്. വസ്ത്രം പരുപരുത്തതാണ്. അവർ വളരെ അദ്ധ്വാനിക്കുന്നു; അവരുടെ സംഭാഷണം അല്പമാണ്; അവർ വളരെനേരം ഉറക്കമൊഴിക്കുന്നു. രാവിലെ എഴുന്നേല്ക്കുന്നു. അധികസമയം പ്രാർത്ഥനയിൽ ചിലവിടുന്നു; കൂടെക്കൂടെ വായിക്കുന്നു; എല്ലാ നിയമങ്ങളും പാലിക്കുന്നു.
കർത്തൂസ്യരെയും സിസ്റ്റേഴ്സിനെയും മറ്റു വിവിധ സംഘങ്ങളിൽപ്പെട്ട സന്ന്യാസികളെയും നോക്കൂ. അവർ ഓരോ രാത്രിയും സങ്കീർത്തനങ്ങൾ പാടുന്നതിന് എഴുന്നേല്ക്കുന്നു.
അതുകൊണ്ട് അസംഖ്യം സന്ന്യാസികൾ ഈശ്വരസ്തോത്രം ചെയ്യുന്നതിന് ആമോദപൂർവ്വം ആരംഭിക്കുന്ന പരിശുദ്ധവേളയിൽ നീ അലസനായിരിക്കുന്നത് ലജ്ജാവഹമാണ്.
9. ഓ! നമ്മുടെ ഹൃദയം കൊണ്ടും വദനം കൊണ്ടും നമ്മുടെ ദൈവത്തെ സ്തുതിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യേണ്ടതായില്ലായിരുന്നുവെങ്കിൽ!
നിനക്ക് ഉണ്ണുകയോ, കുടിക്കുകയോ ഉറങ്ങുകയോ ചെയ്യേണ്ടതില്ലാതെ എല്ലായ്പ്പോഴും ദൈവത്തെ സ്തുതിക്കുന്നതിനും അദ്ധ്യാത്മികമായ അനുഷ്ഠാനങ്ങളിൽ വ്യാപൃതനായിരിക്കുന്നതിനും കഴിഞ്ഞുവെങ്കിൽ!
ശരീരശുശ്രൂഷയുടെ ആവശ്യകതയ്ക്ക് അടിപ്പെട്ട ഇപ്പോഴത്തെക്കാൾ വളരെ കൂടുതലായി അപ്പോൾ നീ സൗഭാഗ്യവാനായിരിക്കും.
കഷ്ടം! നാം വളരെ അപൂർവ്വമായിട്ടത്രെ ആത്മീയപോഷണങ്ങൾ ആസ്വദിക്കുന്നത്; അവ മാത്രമല്ലാതെ മറ്റാവശ്യങ്ങൾ നമുക്ക് ഉണ്ടാകാതിരിക്കുന്നതിന് ദൈവം അനുവദിച്ചുവെങ്കിൽ!
10. സൃഷ്ടിക്കപ്പെട്ട യാതൊന്നിലും ആശ്വാസം തേടാത്ത സ്ഥിതി മനുഷ്യർ പ്രാപിക്കുന്നത് എപ്പോഴാണോ, അപ്പോൾ അവൻ ദൈവത്തെ പൂർണ്ണമായി ആസ്വദിക്കാനാരംഭിക്കുന്നു. അപ്പോൾ എന്തൊക്കെ സംഭവിച്ചാലും അവൻ സംതൃപ്തനായിരിക്കും.
അപ്പോൾ അവൻ ധാരാളമുണ്ടെന്ന് വിചാരിച്ച് സന്തോഷിക്കുകയില്ല. അല്പം മാത്രമേ ഉള്ളുവെന്ന് വിചാരിച്ച് ദുഃഖിക്കുകയുമില്ല. അവൻ പൂർണ്ണശരണത്തോടുകൂടി ദൈവസമക്ഷം സ്വയം സമർപ്പിക്കുന്നു, ദൈവം അവന് സർവസ്വവുമാണ്; ദൈവത്തെ സംബന്ധിച്ചിടത്തോളം നശിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല; സർവ്വവും അങ്ങിൽ ജീവിക്കുകയും അവിടുത്തെ ആജ്ഞയ്ക്ക് വിധേയമായി അവിളംബം അദ്ദേഹത്തെ സേവിക്കുകയും ചെയ്യുന്നു.
11. എല്ലായ്പ്പോഴും നിന്റെ അന്ത്യം സ്മരിക്കുക; നഷ്ടപ്പെട്ടുപോയ സമയം ഒരിക്കലും മടക്കിക്കിട്ടുകയില്ലെന്ന് ഓർക്കണം.
ശ്രദ്ധയും ഉത്സാഹവും കൂടാതെ ഒരിക്കലും പുണ്യം സമ്പാദിക്കാനാവില്ല.
ഉദാസീനനാകാൻ തുടങ്ങുന്നുവെങ്കിൽ; നീ അസ്വസ്ഥനാകാനും തുടങ്ങും.
എന്നാൽ നീ ഭക്തിതീക്ഷ്ണനാകുന്നുവെങ്കിൽ നിനക്ക് വലിയ ശാന്തി സിദ്ധിക്കും; ദൈവാനുഗ്രഹവും പുണ്യത്തോടുള്ള സ്നേഹവും നിന്റെ അദ്ധ്വാനക്ലേശത്തെ ലഘൂകരിക്കും. ഭക്തിയും ഉത്സാഹവുമുള്ള മനുഷ്യൻ എല്ലാ കാര്യങ്ങൾക്കും സന്നദ്ധനാണ്.
ദുർഗുണങ്ങളെയും കാമക്രോധാദികളെയും നിരോധിക്കുന്നത് ശാരീരികമായ അദ്ധ്വാനങ്ങളേക്കാൾ ക്ലേശകരമായ പ്രയത്നമാണ്.
ചെറിയ കുറ്റങ്ങൾ വർജ്ജിക്കാത്തവൻ ക്രമേണ വലിയവയിൽ ഉൾപ്പെടുന്നു.
പകൽസമയം പ്രയോജനകരമായി ചിലവിട്ടാൽ ദിനാന്തത്തിൽ എപ്പോഴും നീ സന്തോഷമനുഭവിക്കും.
തന്നത്താൻ സൂക്ഷിക്കുക; തന്നത്താൻ ഉണർത്തുക; തന്നത്താൻ ഉദ്ബുദ്ധനാകുക; മറ്റുള്ളവർ എന്തുചെയ്താലും നിന്നെ നീ അവഗണിക്കാതിരിക്കുക.
നീ നിന്നോടുതന്നെ എത്രത്തോളം ബലപ്രയോഗം ചെയ്യുന്നുവോ, അത്രത്തോളം നിന്റെ അഭിവൃദ്ധി മഹത്തായിരിക്കും.
ഈ ദിവസത്തെ പ്രാർത്ഥനകൾ
പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.
പാവനാത്മാവേ വരൂ
പാവനാത്മാവേ, വരിക വേഗം
ദാസരിലെന്നും വസിച്ചിടേണം
നിന്നാലെ നിർമ്മിതമായ ഹൃത്തിൽ
ദിവ്യപ്രസാദം നിറച്ചിടേണം.
ആശ്വാസദായകാ പാവനാത്മാ
ദൈവികദാനവും സ്നേഹവും നീ
ജീവൻ തരുന്നോരരുവിയും നീ
അഗ്നി നീ ആത്മാവിൻലേപനവും
സപ്തവരങ്ങളുമേകുവോനേ
നിത്യപിതാവിൻ നീ പാണിയല്ലോ
താതന്റെ വാഗ്ദാനം ദിവ്യനാം നീ
മന്നിൻ പ്രസംഗവരപ്രദനും
ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ
മാനസേ സ്നേഹവും ചിന്തിടേണം
നിൻദിവ്യശക്തിയാൽ മാനവർതൻ
ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം.
ശത്രുവെ ദൂരെയകറ്റിയങ്ങേ
ദാസരിൽ ശാന്തിയരുളിടേണം
ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി
തിന്മകളാകെയകറ്റേണമേ.
താതനെയും ദിവ്യപുത്രനെയും
പാവനാരൂപിയാമങ്ങയേയും
നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ
വിശ്വസിച്ചിടാമനവരതം
ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും
സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ
സ്തോത്രം സ്തുതിയും സദാപി
ആമ്മേൻ
സമുദ്രതാരമേ സ്വസ്തി
പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദൈവമാതേ നീ അനുഗൃഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ
ദൈവികവചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈകദേവാ
പിതാവെ, പുത്രാ, റൂഹായെ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ
മറിയത്തിന്റെ സ്തോത്രഗീതം
എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി
എന്നു പ്രകീർത്തിക്കും.
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടുത്തേ നാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടേമേൽ
തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും.
അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു
ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തിൽ നിന്നു
മറിച്ചിട്ടു; എളിയവരെ ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ
ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും
അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം
അനുസരിച്ചുതന്നെ.
ത്രിത്വസ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.