12 ദിവസത്തെ ഒരുക്കം

11-ാം ദിവസം (34-ൽ)

11-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)

“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.” ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ക്രിസ്താനുകരണംപുസ്തകം 1, അദ്ധ്യായം 25 (പകുതി) — ജീവിതസംസ്കരണം

1. ഈശ്വരസേവനത്തിൽ ജാഗരൂകനും ഉത്സാഹിയുമായിരിക്കുക; നീ എന്തിനിവിടെ വന്നുവെന്നും എന്തുകൊണ്ട് ലോകത്തെ ഉപേക്ഷിച്ചുവെന്നും കൂടെക്കൂടെ ആലോചിക്കുക; ഈശ്വരനുവേണ്ടി ജീവിച്ച് ആത്മീയകാര്യനിരതനായിരിക്കുന്നതിനല്ലേ? അതുകൊണ്ട്, ആത്മീയാഭിവൃദ്ധിയിൽ ശുഷ്കാന്തിയുള്ളവനായിരിക്കുക; എന്തുകൊണ്ടെന്നാൽ നിന്റെ പ്രയത്നങ്ങൾക്ക് അചിരേണ നിനക്ക് സമ്മാനം ലഭിക്കും; അപ്പോൾ പിന്നെ ദുഃഖവും ഭയവും നിന്നെ സമീപിക്കുകയില്ല. ഇപ്പോൾ അല്പം പ്രയത്നിച്ചാൽ നിനക്ക് വലുതായ വിശ്രമം, അല്ല അനന്തമായ ആനന്ദം സിദ്ധിക്കും. നീ പ്രവൃത്തിയിൽ വിശ്വാസയോഗ്യനും ശുഷ്കാന്തിയുള്ളവനുമാണെങ്കിൽ, ഈശ്വരൻ സമ്മാനം തരുന്നതിൽ തീർച്ചയായും വിശ്വാസയോഗ്യനും ഉദാരനുമായിരിക്കും. വിജയമകുടം പ്രാപ്യമാണെന്ന ദൃഢമായ പ്രത്യാശ നിനക്കുണ്ടായിരിക്കും; എന്നാൽ, ആപത്ത് നിശ്ശേഷം ഒഴിഞ്ഞ അവസ്ഥ പ്രാപിച്ചുവെന്ന് നീ അഭിമാനിക്കരുത്; അങ്ങനെയായാൽ നീ അലസനോ അഹങ്കാരിയോ ആയിത്തീരും. 2. പലപ്പോഴും പ്രത്യാശയ്ക്കും ഭയത്തിനും മാറിമാറി വശംവദനാകുന്നതിൽ, ഉത്കണ്ഠാകുലനായ ഒരുവൻ ഒരിക്കൽ ദുഃഖപരവശനായി ദൈവാലയത്തിലെ ബലിപീഠത്തിൽ സാഷ്ടാംഗപ്രണാമം ചെയ്ത് പ്രാർത്ഥിച്ചുകൊണ്ട് ഇങ്ങനെ ആത്മഗതം ചെയ്തു: ‘ഞാൻ ഇനിയും ഭക്തിയിൽ തുടർന്നു പോകുമോ എന്നുള്ള ബോധം എനിക്കുണ്ടായെങ്കിൽ!’ അപ്പോൾ, അവൻ ഈശ്വരനിൽ നിന്ന് ഈ മറുപടി അന്തഃരംഗത്തിൽ കേട്ടു: ‘അത് അറിഞ്ഞുവെങ്കിൽ എന്തു ചെയ്യും? അപ്പോൾ നീ എന്തു ചെയ്യുമോ അത് ഇപ്പോൾ ചെയ്യുക; അങ്ങനെ ചെയ്താൽ നിനക്ക് നിർഭയനായിയിരിക്കാം.’ ഉടനടി അവന് സമാശ്വാസവും ധൈര്യവും സിദ്ധിച്ചു. നീ മറ്റുള്ളവരെ നിരീക്ഷിക്കുന്നതുപോലെ നിന്നെ മറ്റുള്ളവരും നിരീക്ഷിക്കുന്നുണ്ട്. ഓ! സഹോദരന്മാർ തീക്ഷ്ണതയും ഭക്തിയുമുള്ളവരും നിയമാനുസാരികളും സുശിക്ഷിതരും ആയി കാണപ്പെടുന്നത് എത്ര മധുരവും ആശ്വാസപ്രദവുമാണ്! ക്രമരഹിതമായി ജീവിക്കുകയും തങ്ങളുടെ കർത്തവ്യങ്ങൾ അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നവരെ കാണുന്നത് എത്ര വ്യസനകരവും മർമഭേദകവുമാണ്! നമ്മുടെ ആശ്രമധർമ്മത്തെ അവഗണിക്കുകയും നമ്മുടെ കർത്തവ്യമല്ലാത്ത സംഗതികളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നത് എത്ര ദോഷകരമാണ്! 6. നീ സ്വീകരിച്ചിരിക്കുന്ന വ്രതത്തെപ്പറ്റി ജാഗരൂകനായിരിക്കുകയും ക്രൂശിതനായ രക്ഷകന്റെ പ്രതിബിംബത്തെ നിന്റെ മുന്നിൽ പ്രതിഷ്ഠിക്കുകയും ചെയ്യുക. യേശുക്രിസ്തുവിന്റെ ജീവിതത്തെ നീ സമീക്ഷണം ചെയ്തിട്ടുണ്ടെങ്കിൽ, ദിവ്യമാർഗത്തിൽ ദീർഘകാലം സ്ഥിതി ചെയ്തിട്ടും അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാൻ നീ ഇനിയും ശ്രമിച്ചിട്ടില്ലെന്നത് ലജ്ജാവഹമാണ്. നമ്മുടെ രക്ഷാനാഥന്റെ പരിപാവനമായ ജീവിതത്തെയും പീഡാനുഭവത്തെയും കുറിച്ച് ചിന്തിച്ച് ഗൗരവത്തോടും ഭക്തിയോടും കൂടി തപശ്ചര്യകൾ അനുഷ്ഠിച്ചിട്ടുള്ള സന്ന്യാസി തനിക്ക് ഗുണകരവും ആവശ്യകരവുമായ സകല സംഗതികളും ആ ജീവിതത്തിലും പീഡാനുഭവത്തിലും കാണുന്നതായിരിക്കും; യേശുവിന്റേതിനേക്കാൾ നല്ല ഒരു മാതൃക അയാൾ അന്വേഷിക്കേണ്ടതില്ല. ഓ! നമ്മുടെ ക്രൂശിതനായ യേശു നമ്മുടെ ഹൃദയങ്ങളിൽ ആഗതനായെങ്കിൽ നമുക്ക് ആവശ്യമുള്ളിടത്തോളം അറിവ് എത്ര വേഗം ലഭിക്കുമായിരുന്നു!

ഈ ദിവസത്തെ പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.

പാവനാത്മാവേ വരൂ

പാവനാത്മാവേ, വരിക വേഗം ദാസരിലെന്നും വസിച്ചിടേണം നിന്നാലെ നിർമ്മിതമായ ഹൃത്തിൽ ദിവ്യപ്രസാദം നിറച്ചിടേണം. ആശ്വാസദായകാ പാവനാത്മാ ദൈവികദാനവും സ്നേഹവും നീ ജീവൻ തരുന്നോരരുവിയും നീ അഗ്നി നീ ആത്മാവിൻലേപനവും സപ്തവരങ്ങളുമേകുവോനേ നിത്യപിതാവിൻ നീ പാണിയല്ലോ താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൻ പ്രസംഗവരപ്രദനും ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ മാനസേ സ്നേഹവും ചിന്തിടേണം നിൻദിവ്യശക്തിയാൽ മാനവർതൻ ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം. ശത്രുവെ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി തിന്മകളാകെയകറ്റേണമേ. താതനെയും ദിവ്യപുത്രനെയും പാവനാരൂപിയാമങ്ങയേയും നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ വിശ്വസിച്ചിടാമനവരതം ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ സ്തോത്രം സ്തുതിയും സദാപി ആമ്മേൻ

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

മറിയത്തിന്റെ സ്തോത്രഗീതം

എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തേ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടേമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക