12 ദിവസത്തെ ഒരുക്കം

8-ാം ദിവസം (34-ൽ)

8-ാം ദിവസം – പ്രായശ്ചിത്തത്തിലൂടെയും ആത്മനിഗ്രഹത്തിലൂടെയും ലോകത്തിന്റെ ആത്മാവിൽ നിന്ന് സ്വയം ശൂന്യമാക്കുക

ആദ്ധ്യാത്മികാഭ്യാസങ്ങൾ: ആത്മശോധന, പ്രാർത്ഥന, സ്വയം പരിത്യാഗാഭ്യാസം, ആത്മസംയമനം, ഹൃദയവിശുദ്ധി. സ്വർഗ്ഗസ്ഥനായ ദൈവത്തെ മനനം ചെയ്യുന്നതിനും അവിടുത്തേ ഭൂമിയിൽ ദർശിക്കുന്നതിനും വിശ്വാസത്തിന്റെ പ്രകാശത്തിലൂടെ അവിടുത്തേ അറിയുന്നതിനും ഈ വിശുദ്ധി അത്യാവശ്യമത്രേ.

ആപ്പിൽ ഈ ദിവസം പ്രാർത്ഥിക്കുക

വായനകൾ

ആദ്യഘട്ടം – ലോകത്തെ ഉപേക്ഷിക്കുക (ആദ്യ പന്ത്രണ്ടു ദിവസങ്ങൾ)

“ആദ്യഘട്ടം, ലോകാരൂപിയെ ബഹിഷ്ക്കരിക്കുന്നതിൽ ഉപയോഗിക്കുക. അത് യേശുവിന്റെ അരൂപിക്കു കടകവിരുദ്ധമാണല്ലോ.” ദൈവത്തിന്റെ സർവ്വാധികാരത്തെ നിഷേധിക്കുകയാണല്ലോ ലോകാരൂപി ചെയ്യുക. പാപവും അനുസരണക്കേടും വഴിയാണ് ഈ നിഷേധം പ്രകടമാകുന്നത്. അങ്ങനെ യേശുവിന്റെയും മറിയത്തിന്റെയും അരൂപിക്കു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നു. മാംസത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹങ്കാരം ഇവയെ അതു സ്വയം പ്രകടമാക്കുകയും അങ്ങനെ ദൈവികനിയമത്തെ ധിക്കരിക്കുകയും സൃഷ്ടികളെ ദുരുപയോഗിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുമുള്ള പാപങ്ങൾ, പാപത്തിലേക്കുള്ള പിശാചിന്റെ പ്രേരണകൾ, മനസ്സിനെ തെറ്റിലേക്കും അന്ധതയിലേക്കും നയിക്കുന്നവ, ഇച്ഛാശക്തിയെ തിന്മയിലേക്കു വശീകരിക്കുന്നവ – ഇവയൊക്കെയാണ് ലോകത്തിന്റെ പ്രവൃത്തികൾ. വ്യക്തികളും, സ്ഥലങ്ങളും, വസ്തുക്കളും വഴി പാപത്തിലേക്കു വഴുതിവീഴുവാൻ തക്കവിധത്തിൽ പ്രയോഗിക്കുന്ന വശീകരണങ്ങളും പുറംമോടികളുമാണ് അവന്റെ ആഡംബരങ്ങൾ.

ക്രിസ്താനുകരണംപുസ്തകം 1, അദ്ധ്യായം 13 (പകുതി) — പ്രലോഭനത്തെ നിരോധിക്കുക

നാം ലോകത്ത് ജീവിക്കുന്ന കാലത്തോളം കഷ്ടപ്പാടും പ്രലോഭനവും നമുക്കുണ്ടാകാതിരിക്കാൻ നിവൃത്തിയില്ല. ‘ലോകത്ത് മനുഷ്യന്റെ ജീവിതം ഒരു പോരാട്ടമാകുന്നു' എന്നു ജോബിന്റെ പുസ്തകത്തിൽ (7:1) എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തനിക്ക് വിഴുങ്ങുന്നതിന് പറ്റിയവരെ തേടി ഉറങ്ങാതെ നടക്കുന്ന പിശാചിന് സൗകര്യം കൊടുക്കാതിരിക്കുന്നതിന് എല്ലാവരും പ്രലോഭനങ്ങളെപ്പറ്റി ജാഗരൂകരായി, ഉറക്കമിളച്ച് പ്രാർത്ഥിക്കേണ്ടതാണ്. ഒരിക്കലും പ്രലോഭനങ്ങൾ ഉണ്ടാകാതിരിക്കത്തക്കവണ്ണം ഒരു മനുഷ്യനും പരിപൂർണ്ണനും പരിശുദ്ധനുമല്ല; നമുക്ക് അവയിൽ നിന്ന് നിശ്ശേഷം ഒഴിഞ്ഞിരിക്കുന്നതിന് കഴിയുന്നതുമല്ല. 2. പ്രലോഭനങ്ങൾ അവ ഉപദ്രവകരങ്ങളും സങ്കടകരങ്ങളുമാണെങ്കിലും മനുഷ്യന് പലപ്പോഴും ഗുണകരമാണ്; എന്തുകൊണ്ടെന്നാൽ അവ മൂലം അവൻ വിനീതനും വിശുദ്ധനും വിജ്ഞനുമായിത്തീരുന്നു. എല്ലാ വിശുദ്ധരും ഒട്ടുവളരെ കഷ്ടപ്പാടുകളും പ്രലോഭനങ്ങളും തരണം ചെയ്തു. അതവർക്ക് പ്രയോജനകരമാവുകയും ചെയ്തിട്ടുണ്ട്. പ്രലോഭനങ്ങളെ താങ്ങാൻ കഴിയാത്തവർ ദുർമാർഗികളായി അധഃപതിച്ചുപോയിട്ടുണ്ട്. പ്രലോഭനങ്ങളും വൈഷമ്യങ്ങളുമുണ്ടാകാതിരിക്കത്തക്ക അത്ര പരിശുദ്ധമായ സന്യാസസംഘമോ ഏകാന്തസ്ഥലമോ ഇല്ല. 3. മനുഷ്യർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒരിക്കലും പ്രലോഭനങ്ങളിൽ നിന്ന് നിശ്ശേഷം വിമുക്തനായിരിക്കില്ല; എന്തുകൊണ്ടെന്നാൽ, നാം ജഡമോഹത്തിൽ നിന്നും ജാതരാകയാൽ പ്രലോഭനത്തിന്റെ ഉൽപത്തിസ്ഥാനം തമ്മിൽത്തന്നെയുണ്ട്. ഒരു പ്രലോഭനമോ കഷ്ടപ്പാടോ അവസാനിക്കുമ്പോൾ വേറൊന്നു വരുന്നു; എപ്പോഴും നമുക്ക് എന്തെങ്കിലും സഹിക്കേണ്ടിവരും; എന്തെന്നാൽ നമ്മുടെ ആദിമസൗഭാഗ്യങ്ങൾ നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. വളരെപ്പേർ പ്രലോഭനങ്ങളിൽ നിന്ന് ഓടിക്കളയുന്നതിന് ശ്രമിക്കുകയും അവയിൽ പൂർവ്വാധികം വ്യസനകരമായി അകപ്പെടുകയും ചെയ്യുന്നു. ഓടിക്കളയുന്നതുകൊണ്ട് നമുക്ക് പോരാടി ജയിക്കാൻ കഴിയുകയില്ല; എന്നാൽ ക്ഷമയും യഥാർത്ഥമായ വിനയവും മൂലം നാം നമ്മുടെ സകല ശത്രുക്കളെയും സംഹരിക്കാൻ ശക്തരായിത്തീരുന്നു. 4. പ്രലോഭനങ്ങളിൽ നിന്ന് ബാഹ്യമായി മാത്രം പിന്തിരിയുകയും, അവയെ സമൂലം ഛേദിക്കാതിരിക്കുകയും, ചെയ്യുന്നവന്റെ സ്ഥിതി മോശമായിരിക്കും; എന്നുമാത്രമല്ല, അവ പൂർവ്വാധികം വേഗം വളരുകയും അവന്റെ സ്ഥിതി കൂടുതൽ മോശമായിത്തീരുകയും ചെയ്യും. കർക്കശതയും തിടുക്കവും കൊണ്ടെന്നതിനെക്കാൾ ഈശ്വരാനുഗ്രഹത്താൽ ക്ഷമാശീലവും ദീർഘമായ ദുഃഖസഹിഷ്ണുതയും കൊണ്ട് നിനക്ക് അവയെ നല്ലവണ്ണം ജയിക്കാൻ കഴിയും. പ്രലോഭനമുണ്ടാകുമ്പോൾ ഗുരുപദേശം തേടുക. പ്രലോഭനത്തിൽ അകപ്പെട്ടവനോട് പരുഷമായി പെരുമാറരുത്. നിന്നെ അന്യൻ എപ്രകാരം ആശ്വസിപ്പിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവോ, അപ്രകാരം അവനെ നീ ആശ്വസിപ്പിക്കുക. 5. മനസ്സിന്റെ അസ്ഥിരതയും വിശ്വാസക്കുറവുമാണ് സകല പ്രലോഭനങ്ങളുടെയും പ്രാരംഭം. ചുക്കാനില്ലാത്ത കപ്പൽ തിരകളാൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിയെറിയപ്പെടുന്നതുപോലെ, അസ്ഥിരനും നിശ്ചയദാർഢ്യമില്ലാത്തവനുമായ മനുഷ്യൻ പലവിധത്തിൽ പ്രലോഭിപ്പിക്കപ്പെടുന്നു. അഗ്നി ഇരുമ്പിനെ ശുദ്ധി ചെയ്യുന്നതുപോലെ, പ്രലോഭനം നീതിമാനായ മനുഷ്യനെ ശുദ്ധീകരിക്കുന്നു. നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് പലപ്പോഴും നമുക്കറിയാൻ പാടില്ല; എന്നാൽ പ്രലോഭനം നമ്മുടെ യഥാർത്ഥസ്ഥിതി വെളിപ്പെടുത്തുന്നു.

ഈ ദിവസത്തെ പ്രാർത്ഥനകൾ

പാവനാത്മാവേ വരൂ, സമുദ്രതാരമേ സ്വസ്തി, മറിയത്തിന്റെ സ്തോത്രഗീതം, ത്രിത്വസ്തുതി.

പാവനാത്മാവേ വരൂ

പാവനാത്മാവേ, വരിക വേഗം ദാസരിലെന്നും വസിച്ചിടേണം നിന്നാലെ നിർമ്മിതമായ ഹൃത്തിൽ ദിവ്യപ്രസാദം നിറച്ചിടേണം. ആശ്വാസദായകാ പാവനാത്മാ ദൈവികദാനവും സ്നേഹവും നീ ജീവൻ തരുന്നോരരുവിയും നീ അഗ്നി നീ ആത്മാവിൻലേപനവും സപ്തവരങ്ങളുമേകുവോനേ നിത്യപിതാവിൻ നീ പാണിയല്ലോ താതന്റെ വാഗ്ദാനം ദിവ്യനാം നീ മന്നിൻ പ്രസംഗവരപ്രദനും ഇന്ദ്രിയങ്ങളിൽ പ്രകാശമേകൂ മാനസേ സ്നേഹവും ചിന്തിടേണം നിൻദിവ്യശക്തിയാൽ മാനവർതൻ ഗാത്രത്തിൻ ദൗർബല്യം നീക്കിടേണം. ശത്രുവെ ദൂരെയകറ്റിയങ്ങേ ദാസരിൽ ശാന്തിയരുളിടേണം ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കി തിന്മകളാകെയകറ്റേണമേ. താതനെയും ദിവ്യപുത്രനെയും പാവനാരൂപിയാമങ്ങയേയും നിന്നാലെ ഞങ്ങളറിഞ്ഞുനേരിൽ വിശ്വസിച്ചിടാമനവരതം ദൈവപിതാവിനും മൃത്യുവിൽ നിന്നുത്ഥാനം ചെയ്ത തിരുസുതനും സംശുദ്ധ റൂഹായ്ക്കുമൊന്നുപോലെ സ്തോത്രം സ്തുതിയും സദാപി ആമ്മേൻ

സമുദ്രതാരമേ സ്വസ്തി

പ്രഭയോലും സമുദ്രതാരമേ സ്വസ്തി ദൈവമാതേ നീ അനുഗൃഹീത പാപലേശമേശിടാത്ത കന്യേധന്യേ സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ. ഗബ്രിയേലന്നു സ്വസ്തി ചൊല്ലി മോദമോടതു നീ സ്വീകരിച്ചു മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ അന്ധതയിൽ ജ്യോതിസാകൂ തായേ സർവ്വരോഗവുമകറ്റണേ അമ്മേ സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ ദൈവികവചനമാമേശുനാഥൻ നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ നീ വഴി പ്രാർത്ഥന കേട്ടിടട്ടെ ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും. സർവ്വത്തിലും അതിശയമാകും കന്യേ ശാന്തരിലതീവ ശാന്തയാം നീ രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ വിശുദ്ധിയോടെ പാലിക്കൂ തായേ കന്മഷമേശാതെ കാത്തിടൂ നീ സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ യേശുവിൽ ആമോദമെന്നുമെന്നന്നേക്കും ആസ്വദിപ്പോളം കാത്തിടൂ തായേ അത്യുന്നസുരലോകത്തെങ്ങും സദാ സർവ്വശക്തനാം ത്രിത്വൈകദേവാ പിതാവെ, പുത്രാ, റൂഹായെ സ്തുതി എന്നുമെന്നന്നേക്കുമാമ്മേനാമ്മേൻ

മറിയത്തിന്റെ സ്തോത്രഗീതം

എന്റെ ആത്മാവു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തേ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടേമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾക്കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്ത്വം. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

നിങ്ങളുടെ സ്വന്തം സമർപ്പണം ആരംഭിക്കുക