വി. ലൂയീസ് ഡി മോൺഫോർട്ടിന്റെ ഈശോയോടുള്ള പ്രാർത്ഥന
33 ദിവസത്തെ മരിയൻ സമർപ്പണത്തിൽ 27 മുതൽ 33 വരെയുള്ള ദിവസങ്ങളിൽ ചൊല്ലുന്നു.
ഏറ്റവും സ്നേഹമുള്ള യേശുവേ, എന്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവ്വം അങ്ങ് എന്നെ അനുവദിക്കണമേ. എന്തെന്നാൽ പരിശുദ്ധമായ അടിമത്തമെന്ന ഭക്ത്യാഭ്യാസം വഴി അങ്ങ് അവിടുത്തെ അമ്മയെ എനിക്ക് നല്കി. മാതാവിലൂടെ അങ്ങ് എന്നിലേക്ക് വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ് നാഥാ, അങ്ങയുടെ തിരുമുമ്പിൽ അമ്മയത്രേ എനിക്ക് ഉറപ്പുള്ള മദ്ധ്യസ്ഥ. എന്റെ ഏറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്ക് വലിയ ആശ്രയം. കഷ്ടം! ഓ എന്റെ ദൈവമേ ഈ വത്സലമാതാവില്ലായിരുന്നുവെങ്കിൽ ഞാൻ വലിയ ദുർഭഗനാകുമായിരുന്നു. തീർച്ചയായും ഞാൻ നശിച്ചുപോവുകയും ചെയ്തേനെ. അതെ, അവിടുത്തേ നീതിപൂർവ്വമായ കോപത്തെ ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം. എന്തെന്നാൽ പലപ്പോഴും ഞാൻ അവിടുത്തെ ദ്രോഹിക്കുന്നു. അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽ നിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ. മറിയം അവിടുത്തെ ധ്യാനിക്കട്ടെ. അങ്ങയോട് സംസാരിക്കട്ടെ, അങ്ങയോട് പ്രാർത്ഥിക്കട്ടെ, അങ്ങയെ സമീപിക്കട്ടെ. അങ്ങയെ പ്രസാദിപ്പിക്കട്ടെ, മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായിക്കട്ടെ. ചുരുക്കത്തിൽ, ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവ്വഹിക്കുവാനും അവിടുത്തെ ഉപരിമഹത്ത്വം സാധിക്കുവാനും മറിയം എനിക്ക് അത്യാവശ്യമത്രേ. അവിടുന്ന് എന്നോട് കാണിച്ച വലിയ കരുണകളെ ലോകം മുഴുവനും പോയി പ്രഘോഷിക്കുവാൻ എനിക്കു കഴിയുമോ! മറിയമില്ലായിരുന്നുവെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന്, ഓരോ മനുഷ്യനും അറിഞ്ഞിരുന്നുവെങ്കിൽ! ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദി പ്രകാശിപ്പിക്കുവാൻ എനിക്ക് സാധിക്കുമോ? മറിയം എന്നിലുണ്ട്. ഓ! അക്ഷയമായ നിധിയേ. ഓ! എത്ര വലിയ ആശ്വാസം! ഞാൻ പൂർണ്ണമായും അവളുടേതല്ലാതായിപ്പോകുമോ? ഓ! എത്ര വലിയ നന്ദിഹീനത ഓ എന്റെ പ്രിയരക്ഷകാ, ഈ അത്യാപത്തിൽ പെടുന്നതിനേക്കാൾ എന്നെ മരിപ്പിച്ചാലും! എന്തുകൊണ്ടെന്നാൽ ഞാൻ പരിപൂർണ്ണമായും മറിയത്തിന്റേതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം. വിശുദ്ധ യോഹന്നാൻശ്ലീഹയോടുകൂടി കുരിശിൻചുവട്ടിൽ നിന്നു കൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യം തന്നെ എന്നെ അവൾക്ക് നല്കുകയും ചെയ്യുന്നു. പ്രിയ ഈശോ അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവ്വഹിച്ചിട്ടില്ലെങ്കിൽ, ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു. പ്രിയ ഈശോയെ, എന്റെ ആത്മാവിലോ, ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നുവെങ്കിൽ, അങ്ങ് അതിനെ എന്നിൽ നിന്ന് ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉള്ളതല്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ അത് അങ്ങേയ്ക്ക് അനുഗുണമല്ല തന്നെ.
ഓ! പരിശുദ്ധാത്മാവേ, ഈ അനുഗ്രഹങ്ങളെല്ലാം എനിക്ക് നല്കണമേ. എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർത്ഥജീവന്റെ വൃക്ഷം അങ്ങ് നടണമേ. അതിനെ പരിപാലിച്ചു വളർത്തണമേ. അങ്ങനെ അത് വളർന്ന് പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധിയായി ഉല്പാദിപ്പിക്കട്ടെ. ഓ! പരിശുദ്ധാത്മാവേ അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്ക് വലിയ ഭക്തി തരണമേ. പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമായ വിശ്വാസം എനിക്ക് നല്കിയാലും. ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ. അതുവഴി വലിയവനും ശക്തനുമായ യേശുവിന്റെ പൂർണ്ണതയിലേക്ക് എന്നെ വളർത്തുവാൻ അവിടുത്തേക്ക് സാധിക്കട്ടെ. ആമ്മേൻ