വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന
33 ദിവസത്തെ മരിയൻ സമർപ്പണത്തിൽ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ചൊല്ലുന്നു.
മറിയമേ, നിത്യപിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയയായ അമ്മേ സ്വസ്തി! പരിശുദ്ധാത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയേ സ്വസ്തി! എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞി, എന്റെ സന്തോഷമേ, എന്റെ മഹത്ത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ അങ്ങേക്കു സ്വസ്തി! അങ്ങു മുഴുവനും എന്റേതായത് കാരുണ്യത്താലാണല്ലോ. ഞാൻ പൂർണ്ണമായും അങ്ങയുടേതായതോ നീതിമൂലമത്രേ, പക്ഷേ ഇപ്പോഴും ഞാൻ പൂർണ്ണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ എന്നെത്തന്നെ പൂർണ്ണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽനിന്ന് എടുത്തുമാറ്റണമേ. എന്റേതായ എല്ലാറ്റിന്റേയും പരമാധികാരിയായ നാഥ അങ്ങുമാത്രമാകണമേ. ദൈവത്തിന് അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞ് ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നല്കുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമേ.
അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ. അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാക്കുറവുകളെയും പരിഹരിച്ച് ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ. അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേക്കു സാദ്ധ്യമെങ്കിൽ യേശുവിനെയും അവിടുത്തേ തിരുഹിതത്തെയും അറിയാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതിരിക്കട്ടെ. ദൈവത്തെ സ്തുതിക്കാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹംകൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ. ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ, ആത്മീയാനന്ദങ്ങൾപ്പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗ്ഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ. പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നുകൊണ്ട് മാലാഖമാരുടെയും മനുഷ്യരുടെയും, പിശാചിന്റെയുംമേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക, അതും അങ്ങയുടെ അവകാശമാണ്. അങ്ങയുടെ ഇഷ്ടംപോലെ ദൈവത്തിന്റെ എല്ലാ ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശംതന്നെ.
ഇവയത്രേ ദൈവം അങ്ങേക്കു തന്ന “നല്ലഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽനിന്ന് ഒരിക്കലും എടുത്തുമാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദംകൊണ്ടു നിറയുന്നു. ഐഹികജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ആത്മീയസന്തോഷം കൂടാതുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവ്വം സഹനങ്ങൾ ഏറ്റെടുക്കുക, വിശ്രമമെന്യേ തന്നോടുതന്നെ മരിക്കുക, അങ്ങേക്കുവേണ്ടി മരണംവരെ ഒരു വിനീത അടിമയെപ്പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക – ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളൂ. ഒരേ ഒരു അനുഗ്രഹമേ എനിക്കു വേണ്ടൂ. അവിടുന്നു ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമ്മേൻ – അങ്ങനെതന്നെയാകട്ടെ, എന്നും, അവിടുന്ന് ഇപ്പോൾ സ്വർഗ്ഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെതന്നെയാകട്ടെ, എന്നും, അവിടുന്നു എന്റെ ആത്മാവിൽ ചെയ്യുന്നവയ്ക്കെല്ലാം ആമ്മേൻ – അങ്ങനെ തന്നെയാകട്ടെ, എന്നും, പറയുവാനും അങ്ങനെ, ജീവിതകാലത്തിലും, നിത്യത്വത്തിലും അങ്ങുമാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ ആമ്മേൻ.